Homeശാന്തിയും സമാധാനവും തൗഹീദിലൂടെ മാത്രം!അഖീദഅഖീദതൗഹീദ്ശാന്തിയും സമാധാനവും തൗഹീദിലൂടെ മാത്രം!

ശാന്തിയും സമാധാനവും തൗഹീദിലൂടെ മാത്രം!

ഇഹലോകത്താവട്ടെ, പരലോകത്താവട്ടെ നിർഭയത്വത്തിന്റെയും, സമാധാനത്തിന്റെയും അടിസ്ഥാനം ‘ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക’ എന്ന തൗഹീദാണ്!

ആ തൗഹീദ് സ്വീകരിച്ചവനല്ലാതെ ശാന്തിയോ, സമാധാനമോ, കൺകുളിർമ്മയോ നിർഭയത്വമോ ഈ ലോകത്തോ, വരാനിരിക്കുന്ന പരലോകത്തോ ലഭിക്കുകയില്ല. അല്ലാഹു പറഞ്ഞു:

﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ﴾

“ഈമാൻ (ഇസ്‌ലാം) സ്വീകരിക്കുകയും, തങ്ങളുടെ ഈമാനിൽ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (സൂറഃ അൻആം:82)

അതെ, വിശ്വസിക്കുകയും ആ വിശ്വാസത്തിൽ ‘ശിർക്’ എന്ന കൊടും പാതകം കൂടിക്കലരാതെ -കൂട്ടിക്കലർത്താതെ- സൂക്ഷിച്ചവർക്കാകുന്നു അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ അനുഗ്രഹമായ നിർഭയത്വമുള്ളത്!

മറ്റൊരു ആയത്തിൽ അല്ലാഹു പറഞ്ഞു:

﴿وَعَدَ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَیَسۡتَخۡلِفَنَّهُمۡ فِی ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِینَ مِن قَبۡلِهِمۡ وَلَیُمَكِّنَنَّ لَهُمۡ دِینَهُمُ ٱلَّذِی ٱرۡتَضَىٰ لَهُمۡ وَلَیُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنࣰاۚ﴾

“(അല്ലാഹുവിലും അവന്റെ ദീനിലും) വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്; ഭൂമിയിൽ അവൻ (അല്ലാഹു) അധികാരം നൽകുന്നതാണ്. അവർക്കു മുമ്പുള്ളവർക്ക് അധികാരം നൽകിയതുപോലെ. അവർക്കായി അവൻ തൃപ്തിപ്പെട്ടുനൽകിയ അവരുടെ ദീൻ (പാലിക്കാൻ) അവർക്ക് സൗകര്യമുണ്ടാക്കുമെന്നും, ഭയപ്പാടിനു ശേഷം അവർക്ക് നിർഭയത്വം പകരം നൽകുമെന്നും, അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു..”

മേൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് നേടിയെടുക്കാൻ സാധിക്കുക എന്ന് അല്ലാഹു പറയുന്നു:

﴿یَعۡبُدُونَنِی لَا یُشۡرِكُونَ بِی شَیۡـࣰٔاۚ وَمَن كَفَرَ بَعۡدَ ذَ ٰ⁠لِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ﴾

“അവർ എന്നെ മാത്രം ഇബാദത്ത് ചെയ്യുകയും, എന്നിൽ യാതൊന്നിനെയും അവര്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ. അതിനു ശേഷം ആരാണോ നിഷേധിച്ചത്; അവർ തന്നെയാകുന്നു (അല്ലാഹുവിന്റെ അനുസരണത്തിൽ നിന്നും പുറത്തുപോയ) ധിക്കാരികൾ”
(സൂറഃ നൂർ:55)

നോക്കൂ നിങ്ങൾ, അല്ലാഹു -റബ്ബുൽ ആലമീൻ- അവന്റെ ഒരുപാട് അതിമഹത്തായ അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് അവന്റെ അടിമകളോട് കൽപിച്ച കാര്യം ‘അവനെ മാത്രം ആരാധിക്കുക’ എന്ന ശുദ്ധമായ തൗഹീദാണ്!

അല്ലാഹു അവന്റെ നബിമാരെ മുഴുവൻ നിയോഗിച്ചതും, അവർക്ക് കിതാബുകൾ ഇറക്കിക്കൊടുത്തതും; അവരുടെ സമൂഹത്തിന് തൗഹീദ് പഠിപ്പിച്ചു കൊടുക്കാനും, അവരിൽ ആ തൗഹീദ് ഊട്ടിയുറപ്പിക്കാൻ വേണ്ടിയുമാണ്.

ഇതിൽ നിന്നെല്ലാം തൗഹീദിന്റെ ശ്രേഷ്ഠത എന്തു മാത്രം വലുതാണ് എന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല, തൗഹീദിന്റെ വക്താക്കൾക്ക് മാത്രമേ ഇഹപരലോകങ്ങളിൽ എല്ലാ സൗഭാഗ്യവും, ശാന്തിയും, സമാധാനവും, നിർഭയത്വവും കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ!

തൗഹീദ് നെഞ്ചിലേറ്റാൻ നമുക്ക് മഹാഭാഗ്യം നൽകിയ അല്ലാഹു റബ്ബുൽ ആലമീൻ, അവനെത്ര പരിശുദ്ധൻ!

ആ റബ്ബിനാണ് സദാസമയത്തും എല്ലാ സ്തുതികളും!

തൗഹീദിന്റെ വാചകമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉരുവിട്ട് കൊണ്ട് ഈ ലോകത്തു നിന്ന് വിടവാങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ!

✍️ സഈദ് ബിൻ അബ്ദിസ്സലാം

✆ WhatsApp group:
https://chat.whatsapp.com/LW8Lr9bKg4KBhziv5PwE3G

⌲ Telegram Channel:
http://t.me/khidmathussunnah


©2024 All rights reserved.