റജബ് മാസത്തിൽ നടത്തപ്പെടുന്ന ചില ആരാധനാ കര്‍മ്മങ്ങള്‍: (صلاة الرغائب) റഗാഇബ് നിസ്കാരം.

ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റഹിമഹുല്ലാഹ്)യോട് ചോദിക്കപ്പെട്ടു: “റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാത്രിയിൽ നിർവ്വഹിക്കപ്പെടുന്ന റഗാഇബ് നിസ്കാരം എന്ന പേരിൽ അറിയപ്പെടുന്ന നിസ്കാരം, സുന്നത്തും ശ്രേഷ്ടതയുള്ളതുമാണോ, അതല്ല ബിദ്അത്താണോ?”

മറുപടി: “അത് അങ്ങേയറ്റം വൃത്തികെട്ടതും, മോശപ്പെട്ടതുമായ ബിദ്അത്താകുന്നു. പലരൂപത്തിലുള്ള തെറ്റുകളും അതിൽ അടങ്ങിയിട്ടുണ്ട് എന്നത് കാരണത്താൽ അത് ഉപേക്ഷിക്കാൻ കൽപ്പിക്കുകയും, അതിനെ അവഗണിച്ചു കളയുകയും, അത് ചെയ്യുന്ന ആളുകളെ തടയുകയും വേണം. മാത്രമല്ല, ജനങ്ങളുടെ കൂട്ടത്തിൽ ഇത് ചെയ്യുന്നയാളുകളെ തടയുക എന്നത് ഭരണാധികാരികളുടെ മേൽ നിർബന്ധവുമാണ്. കാരണം അദ്ദേഹം ഉത്തരവാദിത്തമുള്ള ആളാണ്, ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്.

ഈ റഗാഇബ് നിസ്കാരത്തെ എതിർത്തു കൊണ്ടും, അതിനെ ആക്ഷേപിച്ചു കൊണ്ടും, അത് നടത്തുന്നവരുടെ അജ്ഞത (വിവരക്കേട്) വ്യക്തമാക്കിക്കൊണ്ടും പണ്ഡിതന്മാർ ഗ്രന്ഥങ്ങൾ രചിച്ചതായി കാണാൻ സാധിക്കും. ഒരു പാട് നാടുകളിൽ ഈ കാര്യം (റഗാഇബ് നിസ്കാരം) ധാരാളമായി നടത്തപ്പെടുന്നു എന്നതും, (അബൂ ത്വാലിബ് അൽ മക്കിയുടെ) ‘ഖൂതുൽ ഖുലൂബ്, (ഗസ്സാലിയുടെ) ഇഹ്‌യാ ഉലൂമിദ്ധീൻ’ പോലുള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടു എന്നത് കാരണത്താലും വഞ്ചിതരാവാൻ പാടില്ല; മറിച്ച് ഇത് ബാത്വിലും, ബിദ്അത്തുമാണ്.

നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ടു വന്ന ഇമാം ബുഖാരിയും മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളിൽ ഉദ്ധരിച്ച ഹദീഥിൽ അവിടുന്ന് ﷺ പറഞ്ഞു: ‘നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ഇല്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.’

ഇമാം മുസ്‌ലിമിന്‍റെ രിവായത്തിൽ കാണാം, അവിടുന്ന് ﷺ പറഞ്ഞു: ‘നമ്മുടെ ഈ കാര്യത്തിൽ നാം കല്പിച്ചതല്ലാത്ത വല്ലതും ആരെങ്കിലും പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്.’

മറ്റൊരു ഹദീഥിൽ കാണാം: ‘എല്ലാ ബിദ്അത്തും (പുത്തനാചാരവും) വഴികേടാകുന്നു.’

മാത്രമല്ല, പരസ്പരം അഭിപ്രായ വ്യത്യാസമുണ്ടായാൽ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ﷺ ആ കാര്യം മടക്കണം എന്ന് അല്ലാഹു അവന്റെ കിതാബിൽ കല്പിച്ചിരിക്കുന്നു, അല്ലാഹു പറഞ്ഞു: “(അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിച്ചവരേ) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. (അല്ലാഹുവിന്റെ) റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.” (4:59).

(അത് കൊണ്ട് തന്നെ) വിവരമില്ലാത്ത ആളുകളെ പിൻപറ്റാനോ, തിന്മയുടെ ആളുകളുടെ അബദ്ധങ്ങളിൽ വഞ്ചിതരാവാനോ അല്ലാഹു റബ്ബുൽ ആലമീൻ കല്പിച്ചിട്ടില്ല.” الله أعلم.

(ഫതാവാ ഇമാം യഹ്‌യ ബ്നു ശറഫ് അന്നവവി (ഹിജ്‌റ: 631-676), പേജ്:57)

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.