Homeശഅ്ബാന്‍; ചില ഓർമ്മപ്പെടുത്തലുകൾഎഴുത്തുകൾപവിത്ര മാസങ്ങൾപവിത്ര മാസങ്ങൾശഅബാൻശഅ്ബാന്‍; ചില ഓർമ്മപ്പെടുത്തലുകൾ

ശഅ്ബാന്‍; ചില ഓർമ്മപ്പെടുത്തലുകൾ

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين.
أما بعد؛

പ്രിയമുള്ളവരേ,
റമദാനിന് തൊട്ട് മുമ്പുള്ള ശഅ്ബാന്‍ മാസത്തിലാണ് നാം ഓരോരുത്തരും എത്തി നില്‍ക്കുന്നത്. മിനിറ്റുകളും, മണിക്കൂറുകളും, ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വര്‍ഷങ്ങളും നമ്മെ കാത്ത് നില്‍ക്കാതെ യാത്ര പറഞ്ഞു കൊണ്ടിരിക്കുകയാണ്. എത്ര വേഗത്തിലാണ് സമയം പോയിക്കൊണ്ടിരിക്കുന്നത്, സുബ്ഹാനല്ലാഹ്!

സമയം തീരുന്നതിനനുസരിച്ച് യഥാര്‍ത്ഥത്തില്‍ തീർന്നു കൊണ്ടിരിക്കുന്നത് നമ്മുടെ ദുനിയാവിലെ ജീവിതമാണ്. അത് ഒരോ നിമിഷം കഴിയുന്തോറും പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതേ സമയം നമ്മുടെ ശ്വാശ്വത ഭവനമായ പരലോകമാവട്ടെ; അത് മുന്നോട്ട് മുന്നോട്ട് നമ്മിലേക്ക് അടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നു.

അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള ഒരു മുഅ്മിന്‍ നാളേക്ക് വേണ്ടി അഥവാ മരണ ശേഷമുള്ള ശാശ്വത ജീവിതത്തിന് വേണ്ടി എന്താണ് താന്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്നത് എന്ന് സദാസമയം ചിന്തിച്ച് കൊണ്ടിരിക്കേണ്ടവനാണ്.

നാളേക്ക് വേണ്ടിയുള്ള നന്മകള്‍ കൂടുതൽ വാരിക്കൂട്ടാനുള്ള സമയങ്ങളാണ്‌ ഇപ്പോൾ നമ്മുടെ മുന്നില്‍ എത്തി നിൽക്കുന്നത്.

നമ്മുടെ നല്ലവരായ മുന്‍ഗാമികള്‍ ഈ ശഅ്ബാന്‍ മാസത്തില്‍ റമദാനിനെ വരവേല്‍ക്കാന്‍ വേണ്ടിയുള്ള മുന്നൊരുക്കമെന്നോണം തങ്ങളുടെ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും, അല്ലാഹുവിനുള്ള ഇബാദത്തുകള്‍ വര്‍ധിപ്പിച്ചു കൊണ്ട് അവനിലേക്ക് കീഴൊതുങ്ങുന്നവരായിരുന്നു.

അല്ലാഹു നമുക്കും അത് പോലെ സൽക്കർമ്മങ്ങൾ പ്രവർത്തിക്കാനും, നന്മകളിൽ കൂടുതൽ മുന്നേറാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

ശഅ്ബാന്‍ മാസത്തില്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ വായിക്കാം:

1). സുന്നത്ത് നോമ്പുകള്‍ വര്‍ധിപ്പിക്കുക.

അല്ലാഹുവിന്റെ റസൂല്‍ ﷺ ധാരാളമായി സുന്നത്ത് നോമ്പെടുക്കാറുണ്ടായിരുന്ന മാസമാണ് ശഅ്ബാൻ.

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ! لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟ قَالَ: «ذَلِكَ شَهْرٌ يَغْفَلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ العَالَمِينَ، فَأُحِبُّ أَنْ يُرفَعَ عَمَلِي وَأَنَا صَائِمٌ»

ഉസാമത് ബ്നു സൈദ്‌ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഞാൻ ചോദിച്ചു: അല്ലയോ, അല്ലാഹുവിന്റെ റസൂലേ! ശഅ്ബാനിൽ നോമ്പെടുക്കാറുള്ളതു പോലെ മറ്റുള്ള മാസങ്ങളിൽ ഒന്നിൽ പോലും നോമ്പെടുക്കുന്നതായി താങ്കളെ ഞാൻ കണ്ടിട്ടില്ലല്ലോ? അപ്പോൾ നബി ﷺ പറഞ്ഞു: “ആ മാസം (ശഅ്ബാന്‍) റജബിനും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധയിലായിപ്പോകുന്ന മാസമാണ്. സൽകർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുന്ന മാസവുമാണത്. അതുകൊണ്ട്; ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.” (നസാഈ: 2357).

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قالتْ: «وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ، كَانَ يَصُومُ شَعْبَانَ كُلَّهُ، كَانَ يَصُومُ شَعْبَانَ إِلَّا قَلِيلًا»

ആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ശഅ്ബാൻ മാസത്തിലെ നോമ്പിനേക്കാൾ ധാരാളാമായി മറ്റൊരു മാസത്തിലും അവിടുത്തെ നോമ്പുകാരനായി ഞാൻ കണ്ടിട്ടില്ല. വളരെ കുറച്ച് ദിവസങ്ങളൊഴികെ ബാക്കിയുള്ള ശഅ്ബാൻ മുഴുവനും അവിടുന്ന്  നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.” (മുസ്‌ലിം :1156).

2). ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുക.

കാരണം; ഇത് ഖുർആൻ പാരായണക്കാരുടെ മാസമായിട്ടാണ് സലഫുകൾ (നമ്മുടെ നല്ലവരായ മുൻഗാമികൾ) കണ്ടിട്ടുള്ളത്.

كَانَ حَبِيبُ بْنُ أَبِي ثَابِتٍ إِذَا دَخَلَ شَعْبَانُ قَالَ: «هَذَا شَهْــرُ القُــــرَّاءِ».

“ഹബീബ് ബ്നു അബീ ഥാബിത് -رَحِمَهُ اللَّهُ- ശഅ്ബാൻ മാസം ആഗതമായാല്‍ ‘ഇത് ഖുർആൻ പാരായണം ചെയ്യുന്നവരുടെ മാസമാണ്’ എന്ന് പറയാറുണ്ടായിരുന്നു.’’

وَكَانَ عَمْرُو بْنُ قَيْسٍ الْمَلَائِيُّ إِذَا دَخَلَ شَعْبَانَ أَغْلَقَ حَانُوتَهُ وَ تَفَـــرَّغَ لِقِــرَاءَةِ القُــــرْآنِ.

അംറ് ബ്നു ഖൈസ് അൽ മലാഈ -رَحِمَهُ اللَّهُ- ശഅ്ബാൻ മാസം വന്നെത്തിയാല്‍  അദ്ദേഹത്തിന്റെ കട അടച്ചിടുകയും ഖുർആൻ പാരായണത്തിനായി ഒഴിഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. (ലത്വാഇഫുൽ മആരിഫ്:138).

3). കഴിഞ്ഞ റമദാനിൽ വിട്ട് പോയ നോമ്പുകൾ എടുത്ത് പൂർത്തീകരിക്കുക.

പ്രത്യേകിച്ച്‌ സ്ത്രീകളെപ്പോലെ; എന്തെങ്കിലും കാരണത്താല്‍ കഴിഞ്ഞ റമദാനില്‍ നോമ്പെടുക്കാന്‍ സാധിക്കാതെ പോയവരുണ്ടെങ്കില്‍ ആ നോമ്പുകള്‍ എടുത്ത് വീടാനുള്ള അവസരമായി ഈ സന്ദര്‍ഭം മുതലെടുക്കുക.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»، قَالَ يَحْيَى: الشُّغْلُ مِنَ النَّبِيِّ أَوْ بِالنَّبِيِّ ﷺ.

ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ എന്റെ മേൽ ബാധ്യതയായി നിൽക്കാറുണ്ട്. ശഅ്ബാനിലല്ലാതെ എനിക്കത് നോറ്റുവീട്ടാൻ സാധിക്കാറില്ലായിരുന്നു.”
ഈ ഹദീഥിന്റെ നിവേദകരിൽപ്പെട്ട യഹ്‌യ പറയുന്നു: നബി ﷺ യുടെ കാര്യങ്ങളിൽ വ്യാപൃതയാകുന്നതിനാലായിരുന്നു അത്. (ബുഖാരി: 1950, മുസ്‌ലിം: 1146).

പ്രത്യേകം ശ്രദ്ധിക്കുക; റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ വേഗത്തില്‍ നോറ്റ് വീടുന്നതാണ് കൂടുതല്‍ ഉത്തമം. ഒരു കാരണവുമില്ലാതെ അലസമായിക്കൊണ്ട് നോമ്പ് നോറ്റ് വീടാതെ വൈകിപ്പിക്കുക എന്നത് വളരെ ഗൗരവമേറിയ തെറ്റാണ്.

4). ശഅ്ബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു -റബ്ബുല്‍ ആലമീന്‍- അവന്റെ സൃഷ്ടികളിലേക്ക് നോക്കുന്നതായിരിക്കും.

عَنْ أَبِي مُوسَى الْأَشْعَرِيِّ، عَنْ رَسُولِ اللَّهِ ﷺ قَالَ: «إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ»

അബൂ മൂസല്‍ അശ്അരീ -رَضِيَ اللَّهُ عَنْهُ- വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “തീര്‍ച്ചയായും, അല്ലാഹു -റബ്ബുല്‍ ആലമീന്‍- ശഅ്ബാൻ പകുതിയുടെ (പതിനഞ്ചിന്റെ) രാവിൽ അവന്‍റെ പടപ്പുകളിലേക്ക് നോക്കുക തന്നെ ചെയ്യും. എന്നിട്ട് മുശ്‌രിക്കിനും  മുശാഹിനിനും ഒഴികെ; അവന്‍റെ എല്ലാ സൃഷ്ടികള്‍ക്കും പൊറുത്തു കൊടുക്കുന്നതാണ്.”
(ഇബ്നുമാജ: 1390).

മുശാഹിൻ എന്ന വാക്കിനെ “ശത്രുതയും പകയുമുള്ളവൻ” എന്നാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.

قَالَ الإِمَامُ الأَوْزَاعِيُّ رَحِمَهُ اللَّهُ: «أَرَادَ بِالمُشَاحِنِ هَا هُنَا صَاحِبَ البِدْعَةِ المُفَارِقُ لِجَمَاعَةِ الأُمَّةِ».

ഇമാം അല്‍ ഔസാഈ -رَحِمَهُ اللَّهُ- പറഞ്ഞു: “മുശാഹിൻ എന്നതു കൊണ്ട് ഇവിടെ ഉദ്ദേശം മുസ്‌ലിമീങ്ങളുടെ ഐക്യം വെടിഞ്ഞു കൊണ്ട് ഭിന്നിച്ചു നിൽക്കുന്ന ബിദ്അത്തുകാരൻ എന്നാണ്.”

ഈ ഒരു ശ്രേഷ്ഠതയല്ലാത്ത മറ്റൊന്നും തന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ പ്രത്യേകതയായി വന്നിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ ചില ആളുകള്‍ ഈ ദിവസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ -അഥവാ ബറാഅത്ത് നോമ്പ് എന്ന പേരില്‍ നോമ്പും, അന്ന് പ്രത്യേകം നിസ്കാരവും- നടത്തുന്നതായി കാണാന്‍ സാധിക്കും. 

യഥാര്‍ഥത്തില്‍ അതെല്ലാം തനിച്ച പുത്തനാചാരമാണ്, ബിദ്അത്താണ്‌. അത്തരം ഇസ്‌ലാമില്‍ പഠിപ്പിക്കാത്ത പ്രവര്‍ത്തനങ്ങള്‍ തീർത്തും നമ്മൾ വലിച്ചെറിയേണ്ടതാണ്.

മാത്രമല്ല, ഈ ഹദീഥില്‍ വന്നത് പ്രകാരം; അങ്ങനെയുള്ള ആളുകള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള പാപമോചനം തടയപ്പെടുന്നതാണ് എന്ന കാര്യം കൂടി നാം ഗൗരവത്തില്‍ ആലോചിക്കണം. അല്ലാഹു അവന്റെ കാരുണ്യത്താല്‍ നമ്മെ മൂടിയില്ലെങ്കില്‍ മറ്റാരാണ്‌ നമ്മുടെ പാപങ്ങള്‍ പൊറുക്കുകയും, നമ്മെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക?

അത് കൊണ്ട് സഹോദരങ്ങളേ, അല്ലാഹുവിന്റെ ദീനില്‍ പഠിപ്പിക്കപ്പെട്ടത് തന്നെ ജീവിതത്തിൽ പകർത്താൻ ധാരളമുണ്ട്. അത് നമ്മള്‍ നമ്മുടെ മരണം വരെ മുറുകെപ്പിടിക്കുക.

നമ്മുടെ റസൂല്‍ ﷺ  ഈ ഉമ്മത്തിന്‌ നൽകിയ വസ്വിയ്യതുകളിലൊന്നിൽ ഇപ്രകാരം കാണാം: “ദീനിലുണ്ടാവുന്ന പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷിക്കണം.”

അല്ലാഹു അവന്റെ യഥാർത്ഥ ദീൻ ഉൾക്കൊള്ളാനുള്ള തൗഫീഖ് നമുക്കേവര്‍ക്കും നല്‍കുമാറാവട്ടെ, ആമീന്‍.

والله تعالى أعلم، وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين.

✍ സഈദ് ബിന്‍ അബ്ദിസ്സലാം.


©2024 All rights reserved.