Homeബറാഅത്ത് രാവിനോട് നമുക്കും ബറാഅത്ത് തന്നെ!പവിത്ര മാസങ്ങൾബിദ്അത്തുകൾപവിത്ര മാസങ്ങൾശഅബാൻബറാഅത്ത് രാവിനോട് നമുക്കും ബറാഅത്ത് തന്നെ!

ബറാഅത്ത് രാവിനോട് നമുക്കും ബറാഅത്ത് തന്നെ!

ബറാഅത്ത് എന്നാൽ ‘ബന്ധവിച്ഛേദനം’ എന്നർത്ഥമുണ്ട്. ഈ പേര് പോലെ തന്നെ, ഓരോ മുസ്‌ലിമും ഈ പ്രവർത്തനത്തോട് ബറാഅത്ത് കാണിക്കൽ നിർബന്ധമാണ്. കാരണം; അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യയിലില്ലാത്ത, അവിടുത്തെ സ്വഹാബത്തോ, നല്ലവരായ നമ്മുടെ മുൻഗാമികളോ പഠിപ്പിക്കാത്ത ദീനിലില്ലാത്ത പ്രവർത്തനമാണിത്. ഇത്തരം പുത്തനാചാരങ്ങളിൽപ്പെട്ട പ്രവർത്തനങ്ങൾ ഒരു മുസ്‌ലിം എങ്ങനെയാണ് ദീനായി കൊണ്ടുനടക്കുക?

വിധിനിർണ്ണയത്തിന്റെ രാത്രിയാണ് ശഅ്ബാൻ പതിനഞ്ചിന്റെ രാത്രി എന്നാണ് ഇത് ചെയ്യുന്ന ആളുകൾ സമൂഹത്തെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതിന്റെ പിന്നിൽ അവർക്ക് ചില സ്വാർത്ഥ താല്പര്യങ്ങളുണ്ട് എന്നതാണ് വസ്തുത. ഇസ്‌ലാമിൽ ഇബാദത്തുകളെല്ലാം വിശ്വസിക്കലും, ആചരിക്കലും, അനുഷ്ഠിക്കലുമാണ്. എന്നാൽ ഇവരുടെ ആചാരങ്ങളിൽ പലതും ‘കഴിക്കലാണ്’. അതായത്; ആത്മീയമായ ചൂഷണത്തിന് പുറമേ സാമ്പത്തികമായ മുതലെടുപ്പ് വേറെയും!

സൂറത്തു ദുഖാനിലെ ഒന്ന് മുതൽ നാല് വരെയുള്ള ആയത്തുകളാണ് ഈ ആളുകൾ ഈ ബറാഅത്തിനു വേണ്ടി ദുർവ്യാഖ്യാനിക്കാറുള്ളത്.
ഉസ്താദിന്റെ തിരുനാവിൽ നിന്ന് യാദൃശ്ചികമായി ഖുർആൻ ആയത്ത് കേൾക്കുമ്പോൾ അതും സൂറത്തിന്റെ പേരും നമ്പറും ഉൾപ്പടെ! സ്വാഭാവികമാണ് സാധുക്കളായ ആളുകള്‍ തെറ്റിദ്ധരിച്ച് പോവും.

എന്നാൽ തെറ്റിദ്ധരിച്ചു പോയ ആളുകൾ മനസ്സിലാക്കേണ്ടത്; ഈ ആയത് അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ റസൂൽ ﷺ യോ, ആദ്യമായി അത് കേട്ട സ്വഹാബത്തോ, അതിന് ശേഷം ഈ ആയതിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നത്തിന്റെ ഏതെങ്കിലും പണ്ഡിതന്മാരോ ഇങ്ങനെ ഒന്ന് ആചരിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്.

ശാഫിഈ പണ്ഡിതനായ ഇമാം ഇബ്നു കഥീര്‍ رَحِمَهُ اللَّهُ സൂറത്തു ദുഖാനിന്റെ തഫ്സീറിൽ പറഞ്ഞതായി കാണാം:

«يَقُولُ تَعَالَى مُخْبِرًا عَنِ الْقُرْآنِ الْعَظِيمِ: إِنَّهُ أَنْزَلَهُ فِي لَيْلَةٍ مُبَارَكَةٍ، وَهِيَ لَيْلَةُ الْقَدْرِ، كَمَا قَالَ تَعَالَى: ﴿إِنَّا أَنزلْنَاهُ فِي لَيْلَةِ الْقَدْرِ﴾ [الْقَدْرِ: ١] وَكَانَ ذَلِكَ فِي شَهْرِ رَمَضَانَ، كَمَا قَالَ: تَعَالَى: ﴿شَهْرُ رَمَضَانَ الَّذِي أُنزلَ فِيهِ الْقُرْآنُ﴾ [البقرة: ١٨٥] وَقَدْ ذَكَرْنَا الْأَحَادِيثَ الْوَارِدَةَ فِي ذَلِكَ فِي “سُورَةِ الْبَقَرَةِ” بِمَا أَغْنَى عَنْ إِعَادَتِهِ».

“മഹത്തായ ഖുർആനിനെക്കുറിച്ച് അറിയിച്ച് കൊണ്ട് അല്ലാഹു പറയുന്നു: ”തീർച്ചയായും, അല്ലാഹു അതിനെ അനുഗ്രഹീതമായ ഒരു രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. “ആ രാത്രി ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: ”തീര്‍ച്ചയായും ഖുര്‍ആനിനെ നാം നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ഖദർ:1), അതാവട്ടെ റമദാൻ മാസത്തിലുമാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: “വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (ബഖറ:185). ആ വിഷയത്തിൽ വന്ന ഹദീഥുകൾ ആ ആയതിന്റെ വിശദീകരണത്തിൽ സൂചിപ്പിച്ചിരുന്നു, ഇവിടെ ആവർത്തിക്കേണ്ടതില്ല.”

അദ്ദേഹം തുടർന്നു പറയുന്നു:

«وَمَنْ قَالَ: إِنَّهَا لَيْلَةُ النِّصْفِ مِنْ شَعْبَانَ كَمَا رُوِيَ عَنْ عِكْرِمَةَ فَقَدْ أَبْعَدَ النَّجْعَة فَإِنَّ نَصَّ الْقُرْآنِ أَنَّهَا فِي رَمَضَانَ»

“ഇനി ആരെങ്കിലും ആ കാര്യം ഇക്‌രിമയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു എന്ന കാരണത്താൽ ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയാണ് ഇവിടെ ഉദ്ദേശം എന്ന് പറയുകയാണെങ്കിൽ, അയാൾ, ശരിയായ വീക്ഷണത്തെ മറികടന്നിരിക്കുന്നു. കാരണം; ഖുർആനിന്റെ വ്യക്തമായ തെളിവുള്ളത് പ്രകാരം അത് റമദാനിലാണ് എന്നതിനാണ്.”

ചുരുക്കിപ്പറഞ്ഞാൽ: വിധിനിർണ്ണയത്തിന്റെ രാത്രി റമദാനിലാണ് എന്നത് വ്യക്തമാണ്. അതിനാൽ, ബറാഅത്ത് രാവിൽ നോമ്പെടുക്കാത്തവരും, പ്രത്യേക നിസ്കാരം നിസ്കരിക്കാത്തവരും, പ്രത്യേകമായി മൂന്ന് യാസീൻ പാരായണം ചെയ്ത് പാർസൽ അയക്കാത്തവരും, മരണപ്പെട്ട ആളുകൾക്ക് വേണ്ടി പ്രത്യേകം ഭക്ഷണമുണ്ടാക്കി ദാനം ചെയ്യാത്തവരും മുസ്‌ലിയാക്കന്മാർ പറയുന്ന സുന്നത്ത് ജമാഅത്തിൽ ഉൾപ്പെടാത്തവരാണ് എങ്കിൽ, ആ പട്ടികയിൽ ആദ്യം നബി ﷺ യെയും അവിടുത്തെ സ്വഹാബത്തിനെയും കൂടി ഉൾപ്പെടുത്തിക്കോളൂ; കാരണം, അവരാരും ഇത് ചെയ്തിട്ടില്ല എന്നുറപ്പാണ്. ഇത് പോലെയുള്ള പ്രവർത്തനങ്ങളിൽ വല്ല നന്മയുമുണ്ടെങ്കിൽ ആ കാര്യത്തിൽ അവർ നമ്മെ മുൻകടക്കുമായിരുന്നു.

അത് കൊണ്ട്; അവരുടേതല്ലാത്ത പാത ആരെങ്കിലും പിൻപറ്റിയാൽ അവന്റെ സങ്കേതം കത്തിയെരിയുന്ന നരകമാകുന്നു!

﴿وَمَن یُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَیَّنَ لَهُ ٱلۡهُدَىٰ وَیَتَّبِعۡ غَیۡرَ سَبِیلِ ٱلۡمُؤۡمِنِینَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَاۤءَتۡ مَصِیرًا﴾

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും അല്ലാഹുവിന്റെ റസൂലിനോട് എതിര്‍ത്ത് നില്‍ക്കുകയും, മുഅ്മിനീങ്ങളുടേതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം; അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുകയും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!” (നിസാഅ്:115).

✍ സഈദ് ബിൻ അബ്ദിസ്സലാം


©2024 All rights reserved.