عَنْ أَبِي مُوسَى الْأَشْعَرِيِّ، عَنْ رَسُولِ اللَّهِ ﷺ قَالَ: «إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ»
അബൂ മൂസ അല്‍ അശ്അരീ رَضِيَ اللّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “തീര്‍ച്ചയായും, അല്ലാഹു -റബ്ബുല്‍ ആലമീന്‍- ശഅബാൻ പകുതിയുടെ (പതിനഞ്ചിന്റെ) രാവിൽ അവന്‍റെ പടപ്പുകളിലേക്ക് നോക്കുക തന്നെ ചെയ്യും. എന്നിട്ട് മുശ്‌രിക്കിനും മുശാഹിനിനും ഒഴികെ; അവന്റെ എല്ലാ സൃഷ്ടികള്‍ക്കും പൊറുത്തു കൊടുക്കുന്നതാണ്.“ (ഇബ്നുമാജ:1390).
മുശാഹിൻ എന്ന വാക്കിനെ “ശത്രുതയും പകയുമുള്ളവൻ.” എന്നും, ബിദ്അത്തുകാരൻ എന്നും പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു.
ഇമാം ഔസാഈ ُرَحِمَهُ اللّه പറഞ്ഞു: “അത് മുസ്‌ലിമീങ്ങളുടെ ഐക്യം വെടിഞ്ഞു കൊണ്ട് ഭിന്നിച്ച് നിൽക്കുന്ന ബിദ്അത്തുകാരനാണ്.”
ഒന്നാമതായി ഹദീസിൽ പറയപ്പെട്ട വിഭാഗം; ശിർക്ക് ചെയ്യുന്നവരാണ് അഥവാ മുശ്‌രിക്കുകൾ.
അല്ലാഹു അല്ലാത്തവർക്ക് ആരാധനകൾ നൽകുക എന്നതാണ് ശിർക്ക്.
ബദ്‌രീങ്ങളേ കാക്കണേ, മമ്പുറത്തെ തങ്ങളേ കാക്കണേ, എന്നിങ്ങനെയുള്ള വിളിച്ച് പ്രാർത്ഥനയും, അത് പോലെ; മഹാന്മാരുടേതാണ് എന്ന് പറയപ്പെടുന്ന അഡ്രസ്സുള്ളതും, ഇല്ലാത്തതുമായ പല ജാറങ്ങളിലും, മഖ്‌ബറകളിലും ചെന്ന് ഇസ്തിഗാസ എന്ന ഓമനപ്പേരിട്ട് കൊണ്ട് അവിടെ മറമാടപ്പെട്ട ആളുകളെ വിളിച്ച് തേടുക എന്നതും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവുന്ന -ഏറ്റവും വലിയ തെറ്റായ- അല്ലാഹുവിൽ പങ്ക് ചേർക്കുക എന്ന ശിർക്കാണ്. ഇത് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന എത്രയെത്ര ആളുകളുണ്ട്?!
രണ്ടാമതായി; അല്ലാഹുവിന്റെ ദീനിൽ അല്ലാഹുവോ, അവന്റെ റസൂലോ പഠിപ്പിക്കപ്പെടാത്ത പുത്തനാചാരം (ബിദ്അത്തുകൾ) ചെയ്യുന്ന വിഭാഗമാണ്.
ബറാഅത്ത് നോമ്പും, മൂന്ന് യാസീനോത്തും, പ്രത്യേക നിസ്കാരവും, അതിനോടനുബന്ധിച്ച് വീടുകളിൽ നടത്തപ്പെടുന്ന ശിർക്കിന്റെ വരികൾ ഉൾക്കൊള്ളുന്ന മാല മൗലിദ് റാത്തീബുകളുമെല്ലാം തനിച്ച ബിദ്അത്താണെന്ന് മാത്രമല്ല -അത്തരം വരികൾ ഉൾക്കൊള്ളുന്നു എന്ന കാരണത്താൽ ചിലപ്പോൾ ശിർക്ക് തന്നെ ആയിത്തീരും- എന്ന കാര്യത്തിൽ സംശയമില്ല. കാരണം; ഇതിനൊന്നും തന്നെ ഇസ്‌ലാമിൽ യാതൊരു തെളിവുമില്ല.
ഖുർആനിൽ നിന്നോ സ്വഹീഹായ ഹദീസുകളിൽ നിന്നോ, നല്ലവരായ മുൻഗാമികളിൽ നിന്നോ യാതൊരു തെളിവും കിട്ടാതെ അതിന്റെ ആളുകൾ കാണിക്കുന്ന മലക്കം മറിച്ചിലിൽ നിന്ന് ആ കാര്യം വ്യക്തമാണ്.
അല്ലാഹുവിന്റെ അടുക്കൽ ഒരു ഇബാദത്ത് സ്വീകരിക്കപ്പെടണമെങ്കിൽ; രണ്ട് നിബന്ധനകൾ പാലിച്ചിരിക്കണം.
ഒന്ന്: ഇഖ്ലാസോടു കൂടി അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം.
രണ്ട്: അല്ലാഹു അയച്ച അവന്റെ റസൂൽ ﷺ യുടെ സുന്നത്തിനോട് യോജിച്ച പ്രവർത്തനമായിരിക്കണം.
ഇതാണ് രണ്ട് ശഹാദത്ത് കലിമയുടെ താൽപര്യവും.
അത് കൊണ്ട്, ഇതിനെതിരായ വിശ്വാസാചാനുഷ്ഠാനങ്ങൾ സ്വീകരിച്ചിട്ടുള്ള ആളുകളിൽ നിന്നും അങ്ങേയറ്റം അകന്ന് കൊണ്ട് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും, യഥാർത്ഥ തൗഹീദിലേക്കും, സുന്നത്തിലേക്കും തിരിച്ച് വരികയും ചെയ്യുക, എങ്കിൽ മാത്രമേ രക്ഷയുള്ളൂ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ.
✍ സഈദ് ബിൻ അബ്ദിസ്സലാം.