അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ സ്വഹാബത്തിനെ പരിശുദ്ധ റമദാനിന്റെ ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കാറുണ്ടായിരുന്നു.
സൽക്കർമ്മങ്ങളിൽപ്പെട്ട നിർബന്ധവും ഐച്ഛികവുമായ നിസ്കാരം കൊണ്ടും, സ്വദഖ കൊണ്ടും, പുണ്യപ്രവർത്തനങ്ങൾ കൊണ്ടും, ഇബാദത്തുകളിൽ ഉറപ്പിച്ചു നിർത്തുന്ന ക്ഷമ കൊണ്ടും, അതിന്റെ പകലുകൾ നോമ്പ് കൊണ്ടും രാത്രികൾ ഖിയാമുല്ലൈൽ കൊണ്ടും, അതിലെ അനുഗ്രഹീതമായ സമയങ്ങൾ ദിക്റുകൾ കൊണ്ടും, നന്ദിപ്രകടനങ്ങൾ കൊണ്ടും, തക്ബീറും, തസ്ബീഹും ഖുർആൻ പാരായണം കൊണ്ടും ധാരാളമായി സജീവമാക്കാൻ അവിടുന്ന് ﷺ സ്വഹാബത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: “إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ، وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِي مُنَادٍ : يَا بَاغِيَ الْخَيْرِ، أَقْبِلْ، وَيَا بَاغِيَ الشَّرِّ، أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلكَ كُلُّ لَيْلَةٍ.”
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “റമദാനിലെ ആദ്യത്തെ രാവായാൽ ശൈത്വാൻമാരിലെ കഠിനന്മാർ ചങ്ങലയിൽ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടും, പിന്നെ അത് തുറക്കപ്പെടുകയില്ല. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും, പിന്നെ അത് അടക്കപ്പെടുകയില്ല. വിളിച്ച് പറയുന്ന ഒരാൾ വിളിച്ച് പറയും: നന്മ ഉദ്ദേശിക്കുന്നവനേ, നീ മുന്നേറുക. തിന്മ ഉദ്ദേശിക്കുന്നവനേ നീ ചുരുക്കുക. അല്ലാഹുവിന് നരകത്തിൽ നിന്നും മോചിപ്പിക്കുന്ന ചില ആളുകളുണ്ട്. ഇത് അതിന്റെ എല്ലാ രാത്രികളിലും ഇങ്ങനെ തന്നെയായിരിക്കും.“ (തിർമിദി: 682)
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: “أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ.”
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (റമദാൻ സമാഗതമായപ്പോൾ) നബി ﷺ പറഞ്ഞു: “നിങ്ങളിലേക്കിതാ റമദാൻ സമാഗതമായിരിക്കുന്നു. അനുഗ്രഹീതമായ മാസമാണത്. (ഈ മാസത്തിൽ) അല്ലാഹു നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും, കത്തിയെരിയുന്ന നരകത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടുകയും, ശൈത്വാന്മാർ ബന്ധിക്കപ്പെടുകയും ചെയ്യും. ആ മാസത്തിൽ ഒരു രാത്രിയുണ്ട്; ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള മാസമാണ്. ആർക്കെങ്കിലും അതിലെ നന്മകൾ തടയപ്പെട്ടുവോ അവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു.”
(നസാഈ:2106).
അല്ലാഹുവിന്റെ റസൂൽ ﷺ റമദാൻ മാസത്തെ അനുഗ്രഹീതമായ മാസം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ അത് അനുഗ്രഹീത മാസം തന്നെയാണ്. ഈ മാസത്തിലെ ഓരോ നിമിഷവും അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. കാരണം; ഈ മാസത്തിലെ സമയത്തിലും, പ്രവർത്തനത്തിലും, പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലത്തിലും ബറകത്ത് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹുവേ, ഈ പുണ്യ ദിനങ്ങളിൽ എല്ലാ നന്മകൾക്കുമുള്ള തൗഫീഖ് നൽകണേ എന്ന പ്രാർഥനയോടെ റമദാനിലേക്ക് പ്രവേശിക്കാം!
✍ സഈദ് ബിൻ അബ്ദിസ്സലാം.