മഹാന്മാരായ ബദ്‌രീങ്ങളുടെ പേരിൽ ഏതോ ഒരുത്തൻ കെട്ടിയുണ്ടാക്കിയ ഓവറായി ചൊല്ലപ്പെടുന്ന മാലമൗലിദുകളിൽ ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർത്തു കളയുന്ന എത്രയോ കടുത്ത ശിർക്കിന്റെ വരികൾ കാണാൻ സാധിക്കും.
എത്രയെത്ര മുസ്‌ലിമീങ്ങളാണ് അർത്ഥമറിയാതെയും, അതിന്റെ ഗൗരവമറിയാതെയും മുസ്‌ലിയാക്കന്മാർ പറഞ്ഞു പറ്റിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നത്.
ബദ്‌രീങ്ങളുമായി ബന്ധപ്പെട്ട് ചൊല്ലപ്പെടുന്ന മാലയിലെ അപകടകരമായ ചില വരികൾ താഴെ വായിക്കാം:
“ദാഹം ഫഷിഫ്ഫോ കൊടുമാ തളർച്ചയോ
തടിയിൽ മറളോ ജിൻ ശൈത്വാൻ ചതിയാലോ
ദേഹം വലഞ്ഞോവൻ ഇപ്പേരിനേ ചൊല്ലിയാൽ
തീരും മുന്നമേ ശിഫയാകും എന്നോവർ“
”യെന്നും കൊടുമ മികന്തോരു ദീനത്തില്
അവരേ വിളിച്ച് ദുആനേ ഇരന്നെങ്കിൽ
അന്നേരം തന്നെ ശിഫാക്കളെ കിട്ടാതെ
ആയിട്ടതില്ല ഒരുത്തരും എന്നോവർ“
“മുന്നിട്ട് മൗത്തോട് അടുത്തവനായെങ്കിൽ
മുന്തിയേ ദാഹം കൊടുമ തളർച്ചയും
ഖന്നാസവന്റെ ചതിയും ഫലിക്കാതെ
ഖൈറ് മികന്ത് മമാത്താകും എന്നോവർ“
”ഏറെ മികന്തുള്ള പേറ്റ് വരുത്തത്തിൽ
ഇന്തേ സ്വഹാബികൾ പേരിനെ ഓതുകിൽ
കൂരീമുടിയും മുനം പള്ള തന്നീന്ന്
കുട്ടീ പിറക്കലിനില്ല ശക്ക് എന്നോവർ“
രോഗം വന്നാൽ, പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായാൽ, എളുപ്പത്തിൽ പ്രസവിക്കാൻ, എത്രത്തോളം മരണത്തിന്റെ നേരത്ത് പോലും ബദ്‌രീങ്ങളോട് ദുആ ചെയ്തോളൂ ഉത്തരം ലഭിക്കും എന്നാണ് മാലക്കാരൻ പറയുന്നത്. എത്ര അപകടമാണ് ഈ നൂലാ മാലകളിലെ വരികൾ!
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ചൊല്ലി മുസ്‌ലിമായി മരിക്കാൻ അനുവദിക്കാത്ത ഈ കടുത്ത ശിർക്കിന്റെ വരികൾ മുസ്‌ലിമിന് ചൊല്ലാൻ സാധിക്കുമോ?
ഈ വരികളൊന്നും ശിർക്കല്ലെങ്കിൽ പിന്നെ ഏതാണ് ശിർക്ക് എന്ന് മുസ്‌ലിയാക്കന്മാർ പറഞ്ഞു തരണം.
സഹോദരങ്ങളേ, ഈ കൊടിയ ശിർക്ക് എങ്ങനെ ബദ്‌രീങ്ങളോടുള്ള സ്നേഹവും ആദരവുമാകും? ഇത് ചൊല്ലുന്നവരും മക്കാ മുശ്‌രിക്കുകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്! ഒരുപക്ഷേ, മക്കാ മുശ്‌രിക്കുകളെ വരേ വെല്ലുന്ന രൂപത്തിലുള്ള ശിർക്കിന്റെ വാക്കുകളല്ലേ ഇത് എന്ന് തോന്നിപ്പോവുകയാണ്!
ഈ ശിർക്കൻ വിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ ഈമാനോട് കൂടി മരിക്കാൻ സാധിക്കുകയില്ല. അങ്ങനെ ഈമാനില്ലാതെ മുശ്‌രിക്കായിക്കൊണ്ട് മരിച്ചു പോയാൽ; ഒരിക്കലും അല്ലാഹുവിൽ നിന്നുള്ള പാപമോചനം അത്തരക്കാർക്ക് ലഭിക്കുകയില്ല:
﴿إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا﴾
“അല്ലാഹു അവനോട് പങ്കുചേര്‍ക്കപ്പെടുന്നത് ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിൽ പങ്കു ചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”
(നിസാഅ്:48).
പരലോകത്ത് കാലാകാലം നരഗത്തിലായിരിക്കും. ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധ്യമല്ല:
﴿وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍۢ﴾
“(അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാത്ത) കാഫിറുകളാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (അവിടെ നരകത്തിൽ മരണം) വിധിക്കപ്പെടുന്നതല്ല. (അവിടെ മരണമുണ്ടായിരുന്നുവെങ്കിൽ) മരണം ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ക്ക് (സമാധാനിക്കാമായിരുന്നു). അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരമാണ് എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നത്.”
﴿وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ﴾
“അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ പുറത്തയക്കണേ. (മുമ്പ്) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ അല്ലാഹു പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് നൽകുകയും, താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തില്ലേ? അതിനാല്‍ നിങ്ങള്‍ ചെയ്തതിന്റെ തിക്തഫലമായിക്കൊണ്ട് (നരക ശിക്ഷ) അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.” (ഫാത്വിർ: 36, 37).
ചുരുക്കത്തിൽ: ബദ്‌രീങ്ങളുടെ ആണ്ട് ഇസ്‌ലാമിക വിരുദ്ധവും, അതിനോടനുബന്ധിച്ച് നൽകുന്ന നേർച്ചച്ചോറ് അല്ലാഹു അല്ലാത്തവർക്ക് വേണ്ടി നേർച്ചയാക്കപ്പെട്ട ഹറാമിന്റെ ഭക്ഷണവുമാണ്.
അതിനാൽ, ആത്മാർത്ഥമായി ആലോചിക്കുക; തിരുത്താനും, യഥാർത്ഥ ദീനിലേക്ക് മടങ്ങാനും ഇനിയും സമയം ബാക്കിയുണ്ട്! അതവസാനിക്കുന്നതിന് മുമ്പ് തന്നെ വേഗത്തിൽ മടങ്ങിക്കൊള്ളുക. അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ, ആമീൻ.
✍ സഈദ് ബിൻ അബ്ദിസ്സലാം.