അല്ലാഹുവിന്റെ റസൂൽ ﷺ യുടെ റമദാനിലെ അവസാനത്തെ പത്ത് ഇബാദത്തുകൾ കൊണ്ട് സമൃദ്ധമായിരുന്നു. അതിന് രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുള്ളത്.
1) പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുന്നത് അതിന്റെ അവസാനത്തിലാണ്. റമദാനാവട്ടെ ഈ പത്ത് ദിവസങ്ങൾ കൊണ്ടാണ് അവസാനിക്കുന്നത്.
2) ഈ രാത്രികളിലാണ് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ‘ലൈലത്തുൽ ഖദ്ർ’ എന്ന രാത്രി പ്രതീക്ഷിക്കപ്പെടുന്നത്. ‘റമദാനിലെ അവസാനത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ചു കൊള്ളുക’ എന്ന് നബി ﷺ പറഞ്ഞതായി കാണാം.
അവസാനത്ത പത്തിൽ അവിടുത്തെ ഇബാദത്തുകളെ കുറിച്ച് ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞു:
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: “كَانَ رَسُولُ اللَّهِ ﷺ يَجْتَهِدُ فِي الْعَشْرِ الْأَوَاخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ.”
“അല്ലാഹുവിന്റെ റസൂൽ ﷺ റമദാനിലെ അവസാനത്തെ പത്തിൽ മറ്റുള്ള ദിവസങ്ങളേക്കാൾ ഇബാദത്തിന്റെ കാര്യത്തിൽ പരിശ്രമിക്കാറുണ്ടായിരുന്നു.”
(മുസ്‌ലിം: 1175).
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ : كَانَ النَّبِيُّ ﷺ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ.
ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞു: “നബി ﷺ റമദാനിന്റെ അവസാനത്തെ പത്തിൽ പ്രവേശിച്ചാൽ ഇബാദത്തുകൾ കൊണ്ട് രാത്രിയെ ജീവിപ്പിക്കുകയും, അവിടുത്തെ ഉടുമുണ്ട് മുറുക്കുകയും, കുടുംബത്തെ (ഭാര്യമാരെ) വിളിച്ചുണർത്തുകയും, ചെയ്യാറുണ്ടായിരുന്നു.”(മുത്തഫഖുൻ അലൈഹി).
ഈ ഹദീഥിൽ വന്ന മൂന്ന് കാര്യങ്ങളും പണ്ഡിതന്മാർ ഇങ്ങനെ വിശദീകരിച്ചതായി കാണാം:
- ഉടുമുണ്ട് മുറുക്കുക എന്നാൽ: നബി ﷺ അവിടുത്തെ ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ട് നിൽക്കുകയും, ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം നേടിയെടുക്കാൻ വേണ്ടി അല്ലാഹുവിനുള്ള ഇബാദത്തിൽ വ്യാപൃതനാവുകയും ചെയ്യും എന്നാണ്.
- രാത്രി ജീവിപ്പിക്കും എന്നാൽ: നബി ﷺ രാതി മുഴുവൻ -അതല്ലെങ്കിൽ കൂടുതൽ സമയവും- ഉറക്കമൊഴിച്ചു കൊണ്ട് നിസ്കാരത്തിലും, ഖുർആൻ പാരായണത്തിലും, ദിക്റിലും, ദുആയിലും, ആയിക്കൊണ്ട് കഴിച്ചു കൂട്ടും.
- ഭാര്യമാരെ വിളിച്ചുണർത്തും എന്നാൽ: അവരിൽ, സാധിക്കുന്ന എല്ലാവരെയും ഇബാദത്തുകളിൽ മുഴുകാൻ വേണ്ടി പ്രോത്സാഹിപ്പിക്കും.
മേല്പറഞ്ഞ കാര്യങ്ങളിലെല്ലാം ഓരോ ഭർത്താവിനും, ഓരോ മാതാപിതാക്കൾക്കും മഹത്തായ മാതൃകയുണ്ട്; തങ്ങളുടെ ഭാര്യമാരെയും, മക്കളെയും, നന്മകൾക്ക് പ്രേരിപ്പിക്കുക എന്നത് ഓരോരുത്തരുടെയും മേൽ അനിവാര്യമായ കാര്യമാണ്.
അപ്രകാരം, അല്ലാഹുവിന്റെ റസൂൽ ﷺ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നിയ്യത്തോട് കൂടി നിശ്ചിത സമയം അല്ലാഹുവിനുള്ള ഇബാദത്തുകളുമായി അവന്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊന്നിൽ കഴിച്ചു കൂട്ടുക എന്നതാണ് ചുരുക്കി പറഞ്ഞാൽ ഇഅ്തികാഫ്.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ ﷺ: أَنَّ النَّبِيَّ ﷺ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.”
നബി ﷺ യുടെ പ്രിയപത്നി ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: “നബി ﷺ വഫാത്താവുന്നത് വരേ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. (നബി ﷺ യുടെ വഫാത്തിന്) ശേഷം അവിടുത്തെ ഭാര്യമാർ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.”
(മുത്തഫഖുൻ അലൈഹി).
അതിനാൽ, മേൽ പറഞ്ഞ മുഴുവൻ കാര്യങ്ങളിലും അല്ലാഹുവിന്റെ റസൂൽ ﷺ യെ മാതൃകയാക്കിക്കൊണ്ട്, ഈമാനോട് കൂടിയും അല്ലാഹുവിൽ നിന്നുള്ള അതിമഹത്തായ പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും വരുന്ന ദിവസങ്ങളിൽ നാം ഓരോരുത്തരും നന്നായി പരിശ്രമിക്കേണ്ടതാണ്.
പരിശുദ്ധ റമദാൻ വിടപറയാനിരിക്കുന്ന ഈ അവസാന ദിവസങ്ങളിൽ ഏറ്റവും നല്ല രൂപത്തിൽ ഇബാദത്തുകൾ ചെയ്യാനുള്ള തൗഫീഖ് അല്ലാഹു റബ്ബുൽ ആലമീൻ നമുക്കേവർക്കും നൽകി അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.
✍ സഈദ് ബിന്‍ അബ്ദിസ്സലാം