ഖബ്റുകൾ മസ്ജിദാക്കുന്നതിനെ (ആരാധനാകേന്ദ്രമാക്കുന്നതിനെ) ശക്തമായി എതിർക്കുകയും, താക്കീത് ചെയ്യുകയും ചെയ്തതായി അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്നും സ്വഹീഹായി സ്ഥിരപ്പെട്ടു വന്ന നിരവധി ഹദീഥുകളിൽ നമുക്ക് കാണാന്‍ സാധിക്കും.
ഖബ്‌റുകൾ മസ്ജിദുകളാക്കുക എന്നത് രണ്ട് രൂപത്തിലാണ് സംഭവിക്കുക:
1- മഖ്‌ബറയിൽ വന്നു കൊണ്ട് ഖബ്‌റാളിയെ ഇബാദത്ത് ചെയ്യുക (ആരാധിക്കുക).
ഉദാഹരണം: അവിടെ മറമാടപ്പെട്ട ആ വ്യക്തിയെ വിളിച്ചു ദുആ ചെയ്യുകയോ, ഇസ്തിഗാസ നടത്തുകയോ, അദ്ദേഹത്തിന്റെ പേരിൽ നേർച്ചയോ അറവോ തുടങ്ങിയ ആരാധനാകർമ്മങ്ങൾ വല്ലതും നടത്തുക.
2- മഖ്ബറയിൽ വെച്ച് അല്ലാഹുവിന് വേണ്ടി ഇബാദത്തുകൾ ചെയ്യുക.
ഉദാഹരണം: നിസ്കാരം, ദിക്റുകൾ, ഖുർആൻ പാരായണം തുടങ്ങിയ പ്രവർത്തനങ്ങൾ; ചെയ്യുന്നത് ഖബ്‌റാളിക്ക് വേണ്ടിയല്ല മറിച്ച് അല്ലാഹുവിന് വേണ്ടി തന്നെയായിരിക്കും.
ഖബ്‌റുകൾ മസ്ജിദുമായി ബന്ധിപ്പിച്ചാൽ ഈ രൂപത്തിലുള്ള ഏതെങ്കിലും ഒന്ന് അവിടെ സംഭവിക്കാൻ സാധ്യത കൂടുതലാണ് എന്നത് വസ്തുതയാണ്.
ഈ പറഞ്ഞ രണ്ടു കാര്യങ്ങളും ഉൾക്കൊള്ളുന്ന രൂപത്തിൽ ഖബ്റുകൾ മസ്ജിദുകളാക്കാൻ പാടില്ല എന്നതിനുള്ള തെളിവുകൾ താഴെ വായിക്കാം;
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ﷺ قَالَ: «قَاتَلَ اللَّهُ اليَهُودَ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: “അല്ലാഹു യഹൂദരെ ശപിക്കട്ടെ! അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.”
(ബുഖാരി: 437, മുസ്‌ലിം: 530).
عَنْ عَائِشَةَ، وَعَبْدِ اللَّهِ بْنِ عَبَّاسٍ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ -ﷺ- طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا.
ആഇശ -رَضِيَ اللَّهُ عَنْهَا- യും ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യും നിവേദനം ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അവര്‍ പറഞ്ഞു: “നബി ﷺ ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രം എടുത്ത് തന്‍റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം നഷ്ടപ്പെട്ടാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി ﷺ പറഞ്ഞു: “യഹൂദ നസ്വാറാക്കളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടാകട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” നബി ﷺ അവര്‍ ചെയ്തതില്‍ നിന്ന് തന്‍റെ സമൂഹത്തെ താക്കീത് ചെയ്യുകയായിരുന്നു.
(ബുഖാരി: 435, മുസ്‌ലിം: 531).
നബിമാരുടെ ഖബ്റുകള്‍ കെട്ടി ഉയര്‍ത്തുകയും മസ്ജിദാക്കുകയും (ആരാധനാകേന്ദ്രമാക്കുകയും) ചെയ്തതിന്റെ പേരില്‍ യഹൂദ നസ്വാറാക്കൾ ശപിക്കപ്പെട്ടുവെങ്കില്‍ അതിന്‍റെ താഴെയുള്ള ഔലിയാക്കന്മാരാണ് എന്ന് പറയപ്പെടുന്നവരുടെ ഖബ്റുകൾ മസ്ജിദുകളാക്കിയവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ? ശാപത്തിനു വിധേയരായവർ തന്നെ!
عَنْ جُنْدَبٍ قَالَ: سَمِعْتُ النَّبِيَّ ﷺ قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: «أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ»
ജുന്‍ദുബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
നബി ﷺ വഫാതാകുന്നതിന് അഞ്ചു ദിവസം മുന്‍പ് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: “അറിയുക! നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ തങ്ങളിലെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാറുണ്ടായിരുന്നു. അറിയുക! നിങ്ങള്‍ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.” (മുസ്‌ലിം: 532).
നോക്കൂ, ഈ രിവായത്തിൽ സ്വാലിഹീങ്ങളുടെ ഖബ്ർ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നബി ﷺ പറഞ്ഞിട്ടുള്ളത്.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ ﷺ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»
ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: നബി ﷺ വഫാതായ രോഗത്തില്‍ അവിടുന്നു പറഞ്ഞു: “യഹൂദ നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.”
لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًا.
ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അതല്ലായിരുന്നെങ്കില്‍ നബി ﷺ യുടെ ഖബ്ര്‍ (ജനങ്ങള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബര്‍ മസ്ജിദാക്കുമോ എന്ന് ഭയക്കപ്പെട്ടു. (ബുഖാരി: 1390, മുസ്‌ലിം: 529).
അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഖബ്ർ പോലും ഈ രൂപത്തിൽ ആരാധനാകേന്ദ്രമാക്കാൻ പാടില്ല എങ്കിൽ; അവിടുത്തെ ഖബ്റിനെക്കാൾ ബഹുമാനിക്കപ്പെടേണ്ട ഏത് ഖബ്റാണ് ലോകത്തുള്ളത്?
അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മൊഴിമുത്തുകൾ കാറ്റിൽ പറത്തിയതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ കണ്മുന്നിൽ മസ്ജിദുകളോടൊപ്പവും അല്ലാതെയും തല ഉയർത്തി നിൽക്കുന്ന ജാറങ്ങളും ദർഗ്ഗകളും അവിടെ നടക്കുന്ന ശിർക്കൻ പ്രവർത്തനങ്ങളും. അല്ലാഹുവിൽ അഭയം!
✍ സഈദ് ബിൻ അബ്ദിസ്സലാം
🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v
⌲ Telegram Channel:
http://t.me/khidmathussunnah