Homeആശൂറാഉം ആശയക്കുഴപ്പങ്ങളും!പവിത്ര മാസങ്ങൾആശൂറാഅ്എഴുത്തുകൾആശൂറാഉം ആശയക്കുഴപ്പങ്ങളും!

ആശൂറാഉം ആശയക്കുഴപ്പങ്ങളും!

നമ്മുടെ ദീനിന്റെ പ്രമാണമെന്നത് പരിശുദ്ധ ഖുർആനും തിരുസുന്നത്തുമാണ്. നമ്മുടെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: “നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. ഇനി നിങ്ങൾക്ക് മാസപ്പിറവി കാണാൻ വല്ല തടസ്സവും നേരിട്ടാൽ മുപ്പത് പൂർത്തിയാക്കുക.” (ബുഖാരി, മുസ്‌ലിം).

സമാനമായ ആശയം വരുന്ന ഹദീസുകളുടെ അടിസ്ഥാനത്തിൽ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർക്കിടയിൽ പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണുള്ളത്;

ഒന്ന്: ലോകത്ത് എവിടെ കണ്ടാലും എല്ലാവർക്കും ബാധകമാണ്.

രണ്ട്: ഓരോ നാടിനും അവരുടെ കാഴ്ചയുണ്ട്.

ഇതിൽ രണ്ടാമത്തെ അഭിപ്രായമാണ് പ്രായോഗികം എന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നത് തെറ്റായ ഒരു കാര്യമല്ല എന്നത് ആദ്യത്തെ അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നിരിക്കെ ഓരോ മാസപ്പിറവി പരിഗണിക്കേണ്ട സന്ദർഭത്തിലും ഒറ്റക്കാഴ്ചയുടെ ആളുകൾ ഒരു ഫിഖ്ഹിയ്യായ മസ്അലയാണ് എന്ന യാതൊരു പരിഗണനയും നൽകാതെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്; ഇത്‌ അങ്ങേയറ്റം ഖേദകരമാണ് എന്നതാണ് സൂചിപ്പിക്കാനുള്ളത്!

‘അഭിപ്രായ വ്യത്യാസം പരിഗണിക്കപ്പെടുന്ന മസ്അലകളിൽ കടുംപിടുത്തമില്ല’ എന്നത് കേവലം വാക്ക് മാത്രമായിപ്പോവരുത് എന്നും, ഈ വിഷയത്തിൽ അപക്വപരമായ സമീപനം സ്വീകരിക്കുന്നവരുടെ കൈപിടിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരോട് വിനയപൂർവ്വം ഓർമ്മപ്പെടുത്തുകയാണ്!

ഞാൻ മനസ്സിലാക്കിയത് തന്നെ എല്ലാവരും മനസ്സിലാക്കുകയും പിൻപറ്റുകയും ചെയ്യണം എന്നത് ഇത്തരം ഫിഖ്ഹിയ്യായ മസ്അലകളിൽ അനുയോജ്യമായ നിലപാടാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

പരിഹാസ്യ രൂപത്തിലുള്ള പോസ്റ്ററുകളും മറ്റുള്ളവരുടെ ഇബാദത്തുകൾ നിഷ്ഫലമാണ് എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സ്റ്റാറ്റസുകളും ഫിഖ്ഹിയ്യായ മസ്അലയിൽ അഹ്ലുസ്സുന്നയുടെ രീതിയാണോ? നാം ചിന്തിക്കേണ്ടതുണ്ട്.

ഇനി വിഷയത്തിലേക്ക് വരാം; ദുൽഹിജ്ജ 10 സൗദിയിൽ വെള്ളിയാഴ്ചയും നമ്മുടെ നാട്ടിൽ ശനിയാഴ്ചയുമായിരുന്നു. ഒരു ദിവസത്തെ വ്യത്യാസം നിലനിൽക്കേ ദുൽഹിജ്ജ 29 ന് സൗദിയിൽ മാസപ്പിറവി ദർശിക്കുകയുണ്ടായി. അതേസമയം നമ്മുടെ നാട്ടിൽ 30 പൂർത്തിയാക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന്റെ വ്യത്യാസമുണ്ടാവുക എന്നത് സ്വാഭാവികമാണ്. അങ്ങനെയാണെങ്കിൽ; ഈ വർഷത്തെ നമ്മുടെ നാട്ടിലെ കാഴ്ചക്കനുസരിച്ച് മുഹർറം 9 ഞായറാഴ്ചയും 10 തിങ്കളാഴ്ചയുമാണ് എന്നതാണ്. അല്ലാഹു തആല നമ്മുടെ കർമ്മങ്ങൾ പാഴാക്കുകയില്ല സഹോദരങ്ങളെ..

‘മുഹർറം 10 ലോകത്ത് ഒന്നേ ഉള്ളൂ അതുകൊണ്ട് നാട്ടിലെ കാഴ്ചയനുസരിച്ച് നോമ്പെടുത്തവരുടെ പ്രതിഫലം നഷ്ടമാവും’ എന്ന് പ്രചരിപ്പിക്കുന്നവരോട് ചോദിക്കട്ടെ; കുറൈബ് റഹിമഹുല്ലയുടെയും മഹാനായ ഇബ്നു അബ്ബാസ് റദ്വിയല്ലാഹു അൻഹുവിന്റെയും സംഭവത്തിൽ വന്നത് പ്രകാരം അമീറുൽ മുഅ്മിനീൻ മുആവിയ റദ്വിയല്ലാഹു അൻഹുവിന്റെ കാഴ്ച എടുക്കാത്ത ഇബ്നു അബ്ബാസിനും മദീനയിൽ അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർക്കും ലൈലത്തുൽ ഖദ്ർ കിട്ടിയില്ല എന്ന് നിങ്ങൾ വിശ്വസിക്കുമോ?

കിട്ടിയില്ല എന്നതിന് നിങ്ങൾക്ക് വല്ല പ്രമാണവും ഉണ്ടെങ്കിൽ അറിയിക്കുക.

ഇനി നഷ്ടപ്പെട്ടില്ല അവർക്ക് ആ വർഷത്തെ ലൈലത്തുൽ ഖദ്ർ കിട്ടി അല്ലെങ്കിൽ നഷ്ടപ്പെടില്ല എന്നാണെങ്കിൽ നിങ്ങളുടെ ഈ പ്രചരണങ്ങൾ എത്ര അപകടകരമാണ്. അല്ലാഹുവിൽ അഭയം!

✍️ സഈദ് ബിൻ അബ്‌ദിസ്സലാം


©2024 All rights reserved.