അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ജന്മദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ട് എന്ന് പറഞ്ഞു കൊണ്ട് ചിലയാളുകൾ സൂറത്ത് യൂനുസിലെ ഈ ആയത്ത് ഉദ്ധരിക്കാറുണ്ട്:
(قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰلِكَ فَلۡیَفۡرَحُوا۟ هُوَ خَیۡر مِّمَّا یَجۡمَعُونَ)
“പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും, അവന്റെ കാരുണ്യം കൊണ്ടുമാണത്. അതിനാൽ, അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ; അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്.“
(സൂറ: യൂനുസ്: 58)
എന്നാൽ, ഈ ആയത്തിന്റെ തഫ്സീറിൽ ഖുർആൻ വ്യാഖ്യാതാക്കളാരും തന്നെ അവിടെയുള്ള അനുഗ്രഹവും, കാരുണ്യവും നബി ﷺ യെ കുറിച്ചാണ് എന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. മറിച്ച്, ഇമാം ഇബ്നു ജരീർ അത്ത്വബരി, ഇബ്നു കഥീർ തുടങ്ങിയ പണ്ഡിതന്മാരെല്ലാം അവരുടെ തഫ്സീറുകളിൽ അനുഗ്രഹം: ഖുർആൻ ആണെന്നും, കാരുണ്യം: ഇസ്‌ലാം ആണെന്നും തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങൾ സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും ഉദ്ധരിക്കുന്നതായി കാണാൻ സാധിക്കും.
പരിശുദ്ധ ഖുർആനിലെ ആയത്തുക്കളെ കുറിച്ച് ഏറ്റവും നന്നായി പഠിച്ചിട്ടുള്ള മഹാനായ സ്വഹാബി അബ്ദുല്ലാഹ് ബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ ഒരു വാക്ക് ഇമാം ബുഖാരി رَحِمَهُ اللَّهُ അദ്ദേഹത്തിന്റെ സ്വഹീഹിൽ ഉദ്ധരിച്ചതായി കാണാം:
قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: “وَاللَّهِ الَّذِي لَا إِلَهَ غَيْرُهُ، مَا أُنْزِلَتْ سُورَةٌ مِنْ كِتَابِ اللَّهِ إِلَّا أَنَا أَعْلَمُ أَيْنَ أُنْزِلَتْ، وَلَا أُنْزِلَتْ آيَةٌ مِنْ كِتَابِ اللَّهِ إِلَّا أَنَا أَعْلَمُ فِيمَ أُنْزِلَتْ، وَلَوْ أَعْلَمُ أَحَدًا أَعْلَمَ مِنِّي بِكِتَابِ اللَّهِ تُبَلِّغُهُ الْإِبِلُ لَرَكِبْتُ إِلَيْهِ.“
”ഏതൊരുവനാണോ ആരാധനക്കർഹനായി മാറ്റാരുമില്ലാത്തത് ആ അല്ലാഹു തന്നെ സത്യം; അല്ലാഹുവിന്റെ കിതാബിൽ ഒരു സൂറത്തും ഇല്ല, അത് എവിടെയാണ് ഇറക്കപ്പെട്ടത് എന്ന് ഞാനറിഞ്ഞിട്ടല്ലാതെ.
അല്ലാഹുവിന്റെ കിതാബിൽ ഒരു ആയത്തും ഇല്ല; അത് ഏത് വിഷയത്തിലാണ് ഇറങ്ങിയത് എന്ന് ഞാനറിഞ്ഞിട്ടല്ലാതെ.
അല്ലാഹുവിന്റെ കിതാബിനെ കുറിച്ച് എന്നെക്കാൾ അറിവുള്ള ആരെങ്കിലും ഉണ്ട് എന്ന് ഞാൻ അറിയുകയും, ഒരു ഒട്ടകം എന്നെ അദ്ദേഹത്തിന്റെ അടുക്കൽ എത്തിക്കുകയും ചെയ്യുമായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് യാത്ര തിരിക്കുമായിരുന്നു.“
(ബുഖാരി: 5002).
അബ്ദുല്ലാഹ് ബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ വാക്ക് വായിച്ചതിന് ശേഷം മേൽ പറഞ്ഞ ആയത്ത് മൗലിദാഘോഷത്തിന് തെളിവായി ഉദ്ധരിക്കുന്നവരോട് ചോദിക്കട്ടെ;
- ഒരു വാദത്തിന് വേണ്ടി നബി ﷺ യെ കുറിച്ചാണ് ഈ ആയത്ത് എന്ന് സമ്മതിച്ചു തന്നാൽ തന്നെയും ഖുർആനിലെ ആയത്തുകളെ കുറിച്ച് കൃത്യമായി പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്ത് എന്ത് കൊണ്ട് മൗലിദാഘോഷം നടത്തിക്കൊണ്ട് ഈ ആയത്ത് പ്രാവർത്തികമാക്കിയില്ല?
- ഹിജ്‌റ 300 നിടയിൽ ജീവിച്ച നല്ലവരായ മുൻഗാമികളിൽ പെട്ട ഒരാളും എന്ത് കൊണ്ട് മൗലിദ് ആഘോഷിച്ചില്ല?
(മൗലിദാഘോഷം ഹിജ്‌റ 300 ന് ശേഷം വന്നതാണ് എന്ന കാര്യത്തിൽ അതിനെ അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും അഭിപ്രായ വ്യത്യാസമില്ല എന്ന് കൂടി ചേർത്ത് വായിക്കണം)
- ഖുർആനിലെ മുഴുവൻ ആയത്തുകളെ കുറിച്ചും മനസിലാക്കിയ ഇബ്നു മസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിന് ഈ ആയത്ത് മാത്രം മനസ്സിലായില്ല എന്ന് മൗലിദ് വാദികൾക്ക് വാദമുണ്ടോ?
- ഇബ്നു മസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിന് ഈ ആയത്തിന്റെ വ്യാഖ്യാനം മനസ്സിലായില്ല എന്ന് മുസ്‌ലിമിന് വിശ്വസിക്കാൻ സാധിക്കുമോ?
- സ്വഹാബികൾ ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ മൗലിദ് നടത്താത്തത് കൊണ്ട് അവർക്ക് നബി ﷺ യോട് നിങ്ങളുടെ അത്രയും സ്നേഹമില്ല എന്ന് പറയാൻ സാധിക്കുമോ?
നബി ﷺ യിൽ നിന്ന് ആദ്യമായി ഈ ആയത്ത് കേൾക്കുകയും, പഠിക്കുകയും ചെയ്ത സ്വഹാബികൾ മനസ്സിയാക്കിയതിനപ്പുറത്തേക്ക് സ്വന്തമായി ദുർവ്യാഖ്യാനിക്കാൻ എങ്ങനെയാണ് ഒരു മുസ്‌ലിമിന് സാധിക്കുക എന്ന് മൗലിദാഘോഷം എന്ന ബിദ്അത്തിനെ ന്യായീകരിക്കുന്നവർ ആത്മാർത്ഥമായി ചിന്തിക്കുക!
✍ സഈദ് ബിൻ അബ്ദിസ്സലാം