Homeശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് മൗലിദാഘോഷത്തെ അനുകൂലിച്ചെന്നോ?ബിദ്അത്തുകൾനബിദിനംശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് മൗലിദാഘോഷത്തെ അനുകൂലിച്ചെന്നോ?

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് മൗലിദാഘോഷത്തെ അനുകൂലിച്ചെന്നോ?

‘നബി ﷺ യുടെ മൗലിദ് നടത്തുന്ന ആളുകൾക്ക് അവരുടെ ഉദ്ദേശശുദ്ധിയുടെയും, നബി ﷺ യോടുള്ള ആദരവിന്റെയും പേരിൽ ചിലപ്പോൾ അല്ലാഹു പ്രതിഫലം നൽകിയേക്കാം’

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യുടെ കിതാബിൽ നിന്നും ഒരു വാചകം സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് കൊണ്ട് ഇതാ ഇബ്നു തൈമിയ്യ മൗലിദ് അംഗീകരിച്ചയാളാണ് എന്ന് വ്യാപകമായി ചിലയാളുകൾ പ്രചരിപ്പിക്കുന്നതായി കാണാൻ സാധിക്കുന്നു.

യഥാർത്ഥത്തിൽ അതിന്റെ വസ്തുതയെന്താണ് എന്ന് നമുക്ക് പരിശോധിക്കാം; അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാനുള്ള തൗഫീഖ് നമുക്കേവർക്കും നൽകുമാറാവട്ടെ, ആമീൻ.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ അദ്ദേഹത്തിന്റെ ‘ഇഖ്തിദ്വാഉസ്സ്വിറാത്വിൽ മുസ്തഖീം’ എന്ന കിതാബിൽ ഇസ്‌ലാം ദീനിൽ കടത്തിക്കൂട്ടപ്പെട്ട ബിദ്അത്തായ ആഘോഷങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മേൽ പറഞ്ഞ വാചകം പറഞ്ഞിട്ടുള്ളത്. എന്നാൽ, അതേ കിതാബിൽ തന്നെ അതേ തലക്കെട്ടിന് കീഴിൽ തൊട്ട് മുമ്പ് അദ്ദേഹം പറയുന്നതായി കാണാം:

وكذلك ما يحدثه بعض الناس، إما مضاهاة للنصارى في ميلاد عيسى عليه السلام، وإما محبة للنبي صلى الله عليه وسلم، وتعظيمًا. والله قد يثيبهم على هذه المحبة والاجتهاد، لا على البدع من اتخاذ مولد النبي صلى الله عليه وسلم عيدًا. مع اختلاف الناس في مولده.

“അപ്രകാരം, ഈസാ നബി عَلَيْهِ السَّلَامُ യുടെ ജന്മദിനാഘോഷം നടത്തുന്ന നസ്വാറാക്കളോട് സാദൃശ്യം വെച്ച് പുലർത്തിക്കൊണ്ടോ, അതല്ലെങ്കിൽ മുഹമ്മദ് നബി ﷺ യോടുള്ള ആദരവ് കാരണത്താലോ ജനങ്ങളിൽ ചിലർ പുതുതായി ഉണ്ടാക്കിയ കാര്യമാണ് (നബി ﷺ യുടെ മൗലിദാഘോഷം എന്നത്); നബി ﷺ യുടെ ജനന ദിവസത്തിൽ അഭിപ്രായവ്യത്യാസമുണ്ട് എന്നിരിക്കെ ആ ദിവസത്തെ ആഘോഷദിവസമായി നിശ്ചയിക്കുക എന്ന അവരുടെ ബിദ്അത്തിന് പ്രതിഫലം ലഭിച്ചില്ലെങ്കിലും, നബി ﷺ യോടുള്ള അവരുടെ സ്നേഹത്തിന്റെയും, ആ സ്നേഹം യാഥാർഥ്യവൽക്കരിക്കുവാൻ വേണ്ടിയുള്ള അവരുടെ പരിശ്രമത്തിന്റെയും കാരണത്താൽ ഒരുപക്ഷേ, അല്ലാഹു റബ്ബുൽ ആലമീൻ അവർക്ക് പ്രതിഫലം നൽകിയേക്കാം.

فإن هذا لم يفعله السلف، مع قيام المقتضي له وعدم المانع منه لو كان خيرًا.

(അതോടൊപ്പം,) സലഫുകൾ (സ്വഹാബത്തും, താബിഉകളും, താബിഉത്താബിഉകളും) നബി ﷺ യുടെ മൗലിദ് ആഘോഷിക്കാനുള്ള കഴിവുണ്ടായിട്ടും, അതിന് യാതൊരു തടസ്സവുമില്ലാതിരുന്നിട്ടും അവരാരും അത് ആഘോഷിച്ചിട്ടില്ല. ഈ മൗലിദാഘോഷത്തിൽ വല്ല നന്മയുമുണ്ടായിരുന്നുവെങ്കിൽ അവർ ആഘോഷിക്കുമായിരുന്നല്ലോ!

ولو كان هذا خيرًا محضا، أو راجحًا لكان السلف رضي الله عنهم أحق به منا، فإنهم كانوا أشد محبة لرسول الله صلى الله عليه وسلم وتعظيمًا له منا، وهم على الخير أحرص.

ഇത് നന്മയാണെന്ന സൂചനയോ, ഉറപ്പോ ഉണ്ടെങ്കിൽ ഇത് ആഘോഷിക്കാൻ സലഫുകൾ നമ്മേക്കാൾ ബാധ്യസ്ഥരായിരുന്നു. കാരണം; അവരാണ് നമ്മേക്കാൾ അല്ലാഹുവിന്റെ റസൂൽ ﷺ യോട് അതിശക്തമായ സ്നേഹവും, ആദരവും വെച്ച് പുലർത്തിയിരുന്നതും, നന്മയുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവരും!

وإنما كمال محبته وتعظيمه في متابعته وطاعته واتباع أمره، وإحياء سنته باطنًا وظاهرًا، ونشر ما بعث به، والجهاد على ذلك بالقلب واليد واللسان. فإن هذه طريقة السابقين الأولين، من المهاجرين والأنصار، والذين اتبعوهم بإحسان.

നബി ﷺ യോടുള്ള സ്നേഹത്തിന്റെയും, ആദരവിന്റെയും പരിപൂർണ്ണത എന്നത്; അവിടുത്തെ ചര്യകൾ പിന്തുടരുന്നതിലും, അവിടുത്തെ അനുസരിക്കുന്നതിലും, അവിടുത്തെ കൽപനകൾ പിൻപറ്റുന്നതിലും, പ്രത്യക്ഷമായും പരോക്ഷമായും അവിടുത്തെ സുന്നത്തിനെ ജീവിപ്പിക്കുന്നതിലും, അവിടുത്തെ അല്ലാഹു അയച്ച ഈ ദീൻ പ്രചരിപ്പിക്കുന്നതിലും, കൈ കൊണ്ടും, നാവ് കൊണ്ടും, ഹൃദയം കൊണ്ടും ആ കാര്യങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ്. കാരണം; അതാണ് ആദ്യമാദ്യം
ഇസ്‌ലാം ദീനിലേക്ക് മുൻ കടന്നുവന്ന മുഹാജിറുകളുടെയും, അൻസ്വാറുകളുടെയും, അവരെ നന്മയിൽ പിന്തുടർന്ന നല്ലവരായ മുൻഗാമികളുടെയും മാർഗ്ഗം.“

(ഇഖ്തിദ്വാഉസ്സ്വിറാത്വിൽ മുസ്തഖീം: 2/123)

നോക്കൂ, സുഹൃത്തുക്കളെ, ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ മുഴുവൻ ഭാഗം. അല്ലാഹുവിന്റെ റസൂൽ ﷺ യെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുക എന്നത് പ്രതിഫലാർഹമാണ്‌ എന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്, അതല്ലേ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞതും!

മൗലിദ് വാദികളായ ഉസ്താദുമാരുടെ തെറ്റിദ്ധരിപ്പിക്കലുകൾ മാത്രം കേൾക്കുന്ന, അതിനെതിരായ ശബ്ദങ്ങളെല്ലാം പുത്തൻ വാദമാണെന്ന പ്രചാരണത്തിൽ പെട്ടുപോയ, (പ്രത്യേകിച്ച്, ഇന്നത്തെപ്പോലെ സാധാരണക്കാർക്ക് വരെ എത്തിപ്പിടിക്കാവുന്ന മാധ്യമങ്ങളൊന്നുമില്ലാത്ത കാലത്തെ) നിഷ്‍കളങ്കരായ പാമരജനങ്ങളെക്കുറിച്ചാണ് ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ അവിടെ സംസാരിക്കുന്നത് എന്ന് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, തൊട്ടുടനെ ‘ബിദ്അത്തായ മൗലിദാഘോഷത്തിന് പ്രതിഫലം ലഭിക്കുകയുമില്ല’ എന്ന് വരെ അദ്ദേഹം ചേർത്ത് പറയുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ ഈ രൂപത്തിലുള്ള പച്ചക്കള്ളം അടിച്ചു വിടാൻ തൊലിക്കട്ടി കാണിച്ച മൗലിദ് വാദികളായ മുസ്‌ലിയാക്കന്മാരുടെ കാര്യം അത്ഭുതം തന്നെ!

ഈ ഒരു കുപ്രചാരണത്തിലൂടെ മഹാനായ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ നബി ﷺ യെ സ്നേഹിക്കാത്ത വ്യക്തിയാണ്. അവിടുത്തെ ചീത്ത പറയുന്ന പുത്തൻവാദിയാണ് എന്നൊക്കെയുള്ള കളവുകളുടെ ചുരുളഴിയുകയാണ്. അൽഹംദുലില്ലാഹ്!

തങ്ങളുടെ വയറ്റിപ്പിഴപിന്റെ ഭാഗമായ മൗലിദ് സ്ഥാപിക്കാൻ ഖുർആനിലോ, ഹദീഥിലോ, മുൻഗാമികളുടെ അധ്യാപനങ്ങളിലോ തെളിവ് കിട്ടാതെ ഏഴാം നൂറ്റാണ്ടിലെയോ, എട്ടാം നൂറ്റാണ്ടിലെയോ പണ്ഡിതന്മാരുടെ കിതാബുകളിൽ മുങ്ങിത്തപ്പുന്ന മൗലിദ് വാദികളുടെ ആദർശപാപ്പരത്തം വീണ്ടും വീണ്ടും തെളിയുകയാണ്. എത്രത്തോളം, ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യെ വരെ തെളിവിന് കൊണ്ട് വന്നു എന്നത് അത്ഭുതവും അതിലേറെ ആശ്ചര്യവുമായ കാര്യം തന്നെ!

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.