Home“ദിക്റല്ലേ.. സ്വലാത്തല്ലേ.. നല്ലതല്ലേ.. പുണ്യകരമല്ലേ..”ബിദ്അത്തുകൾ“ദിക്റല്ലേ.. സ്വലാത്തല്ലേ.. നല്ലതല്ലേ.. പുണ്യകരമല്ലേ..”

“ദിക്റല്ലേ.. സ്വലാത്തല്ലേ.. നല്ലതല്ലേ.. പുണ്യകരമല്ലേ..”

പല ജാതി ബിദ്അത്തുകൾ ദീനിൽ കടത്തിക്കൂട്ടുകയും, അതിനെല്ലാം ഇങ്ങനെയൊരു ന്യായവും പറഞ്ഞ് രംഗത്ത് വരുകയും ചെയ്യുന്ന ആളുകൾക്ക്; അത്തരം വിഷയങ്ങളിൽ നബി ﷺ യുടെ സ്വഹാബത്ത് സ്വീകരിച്ച നിലപാട് മുൻ നിർത്തിക്കൊണ്ടാണ് നമുക്ക് മറുപടി പറയാനുള്ളത്. കാരണം; അവരാണല്ലോ, ഈ ദീനിനെക്കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കിയത്.

മഹാന്മാരായ സ്വഹാബികളുടെ കാലഘട്ടത്തിൽ നടന്ന ഒരു സംഭവം താഴെ വായിക്കാം:

അബൂ മൂസ അൽ അശ്അരി -رَضِيَ اللَّهُ عَنْهُ- ഒരു ദിവസം സുബ്ഹിയുടെ സമയത്ത് അബ്ദുല്ലാഹ് ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിന്റെ വീട്ടിലേക്ക് വന്നു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു:

يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ، وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَّا خَيْرًا. قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ.

ഓ, അബൂ അബ്ദി റഹ്‍മാൻ, കുറച്ച് മുമ്പ് ഞാൻ പള്ളിയിൽ ഒരു കാഴ്ച കണ്ടു. എനിക്കത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. അൽഹംദുലില്ലാഹ് ഒരു നല്ല കാര്യം തന്നെയാണ് ഞാൻ കണ്ടത്.

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: “എന്താണത്?”
അദ്ദേഹം പറഞ്ഞു: താങ്കൾ ജീവനോടെ ബാക്കിയാവുമെങ്കിൽ വൈകാതെ അത് കാണാം.

قَالَ: رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ، فِي كُلِّ حَلْقَةٍ رَجُلٌ، وَفِي أَيْدِيهِمْ حَصًى، فَيَقُولُ: كَبِّرُوا مِائَةً. فَيُكَبِّرُونَ مِائَةً. فَيَقُولُ: هَلِّلُوا مِائَةً. فَيُهَلِّلُونَ مِائَةً. وَيَقُولُ: سَبِّحُوا مِائَةً. فَيُسَبِّحُونَ مِائَةً. قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ. أَوِ: انْتِظَارَ أَمْرِكَ. قَالَ: أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَلَّا يَضِيعَ مِنْ حَسَنَاتِهِمْ؟

കുറച്ചാളുകൾ കൂട്ടം കൂട്ടമായി ഇരുന്ന് കൊണ്ട് നിസ്കാരം കാത്ത് നിൽക്കുന്നതായി ഞാൻ കണ്ടു. ഓരോ കൂട്ടത്തിലും കയ്യിൽ ചെറിയ ചരൽക്കല്ലുമായി ഓരോ വ്യക്തിയുമുണ്ട്.

എന്നിട്ടയാൾ പറയും: നൂറ് തവണ തക്ബീർ ചൊല്ലുക. അപ്പോൾ അവർ: നൂറ് തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലും.

അയാൾ പറയും: നൂറ് തവണ തഹ്‌ലീൽ പറയുക. അപ്പോൾ അവർ: നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയും.

വീണ്ടും അയാൾ പറയും: നൂറ് തവണ തസ്ബീഹ് പറയുക. അപ്പോൾ അവർ: നൂറ് തവണ സുബ്ഹാനല്ലാഹ് എന്ന് പറയും.

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: “ഇത് കണ്ടപ്പോൾ താങ്കൾ അവരോട് എന്താണ് പറഞ്ഞത്?”

അബൂ മൂസ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഞാനൊന്നും പറഞ്ഞില്ല. താങ്കളുടെ അഭിപ്രായത്തിന് വേണ്ടി കാത്ത് നിൽക്കുകയാണ് ഞാൻ.

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “താങ്കൾക്ക് അവരോട് അവരുടെ പാപങ്ങൾ എണ്ണാൻ പറഞ്ഞു കൂടായിരുന്നോ, അവരുടെ നന്മകളിൽ നിന്ന് ഒന്നും തന്നെ പാഴായിപ്പോവുകയില്ല എന്നും അവർക്ക് ഉറപ്പ് കൊടുത്തു കൂടായിരുന്നോ?”

ثُمَّ مَضَى وَمَضَيْنَا مَعَهُ، حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ فَقَالَ: مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟ قَالُوا: يَا أَبَا عَبْدِ الرَّحْمَنِ، حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ.

അങ്ങനെ ഞങ്ങൾ അദ്ദേഹത്തോടൊപ്പം ആ കൂട്ടം കൂടി ഇരുന്നവരുടെ അടുക്കലെത്തി. അങ്ങനെ ഇബ്നു മസ്ഊദ് അവരോട് ചോദിച്ചു: “എന്താണ് നിങ്ങൾ ചെയ്യുന്നതായി ഞാനീ കാണുന്നത്?”

അവർ പറഞ്ഞു: അബൂ അബ്ദിറഹ്‌മാൻ, ചെറിയ ചരൽക്കല്ലുകൾ കൊണ്ട് ഞങ്ങൾ തക്ബീറും, തഹ്‌ലീലും, തസ്ബീഹും, എണ്ണം പിടിക്കുന്നു.

قَالَ: فَعُدُّوا سَيِّئَاتِكُمْ، فَأَنَا ضَامِنٌ أَلَّا يَضِيعَ مِنْ حَسَنَاتِكُم شَيْءٌ. وَيْحَكُمْ يَا أُمَّةَ مُحَمَّدٍ، مَا أَسْرَعَ هَلَكَتَكُمْ، هَؤُلَاءِ صَحَابَةُ نَبِيِّكُمْ ﷺ مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ، وَآنِيَتُهُ لَمْ تُكْسَرْ. وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ ﷺ، أَوْ مُفْتَتِحُو بَابِ ضَلَالَةٍ.

അദ്ദേഹം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പാപങ്ങൾ എണ്ണിക്കൊള്ളുക. നിങ്ങളുടെ നന്മകളിൽ നിന്ന് ഒന്നും തന്നെ പാഴായിപ്പോവുകയില്ല എന്ന് ഞാനിതാ ഉറപ്പ് നൽകുന്നു.

മുഹമ്മദ് നബി ﷺ യുടെ സമൂഹമേ, എത്ര വേഗത്തിലാണ് നിങ്ങൾ നാശത്തിലെത്തിയിട്ടുള്ളത്?

ഇതാ, നബി ﷺ യുടെ സ്വഹാബികൾ ധാരാളമായി ഇവിടെ ജീവിച്ചിരിപ്പുണ്ട്, അവിടുത്തെ വസ്ത്രം ഇത് വരേ നുരുമ്പിപ്പോയിട്ടില്ല, അവിടുന്ന് ഉപയോഗിച്ച പാത്രങ്ങൾ പൊട്ടിത്തീർന്നിട്ടില്ല.

അല്ലാഹുവാണെ, മുഹമ്മദ് നബി ﷺ യുടെ മാർഗ്ഗത്തേക്കാൾ നല്ല മറ്റൊരു മാർഗ്ഗത്തിലാണോ നിങ്ങൾ നിലകൊള്ളുന്നത്, അതല്ല, നിങ്ങൾ വഴികേടിന്റെ വാതിൽ തുറക്കുകയാണോ?

قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدَّثَنَا أَنَّ قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ. ثُمَّ تَوَلَّى عَنْهُمْ.

അപ്പോൾ അവർ പറഞ്ഞു: അബൂ അബ്ദി റഹ്‌മാൻ, ഞങ്ങൾ നന്മയല്ലാതെ ഉദ്ദേശിച്ചിട്ടില്ല.

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നന്മ ഉദ്ദേശിച്ചിട്ട് അത് ലഭിക്കാതെ പോയ എത്രയെത്ര ആളുകളുണ്ട്?

ധാരാളമായി ഖുർആൻ പാരായണം ചെയ്യും, എന്നാൽ അതവരുടെ തൊണ്ട വിട്ട് താഴേക്കിറങ്ങുകയില്ല എന്ന് ഒരു കൂട്ടരെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ നമുക്ക് അറിയിച്ച് തന്നിരിക്കുന്നു. അല്ലാഹുവാണെ, ഒരുപക്ഷേ; നിങ്ങളിൽ അധികവും ആ വിഭാഗത്തിൽപ്പെട്ടതാണോ എന്നെനിക്കറിയില്ല.” അതും പറഞ്ഞ് അദ്ദേഹം തിരിഞ്ഞ് നടന്നു.

فَقَالَ عَمْرُو بْنُ سَلمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ. (سنن الدارمي، الْمُقَدِّمَةُ، بَابٌ: فِي كَرَاهِيَةِ أَخْذِ الرَّأْيِ:210)

അംറ് ബ്നു സലമ പറയുന്നു: “ആ കൂട്ടത്തിൽപ്പെട്ട അധികമാളുകളും നെഹ്‌റുവാനിൽ ഖവാരിജുകളോടൊപ്പം ഞങ്ങളോട് യുദ്ധം ചെയ്യാനുണ്ടായിരുന്നു. (സുനനുദ്ദാരിമി:210)

ഇതാണ് സ്വഹാബികളുടെ മാതൃക. അവർ ദിക്‌റിന് എതിരായത് കൊണ്ടാണോ ഈ രൂപത്തിലുള്ള കടുത്ത ഭാഷയിൽ ഈ കൂട്ടരെ വിലക്കിയത്?

ഒരിക്കലുമല്ല. മറിച്ച്, അങ്ങനെയൊരു സമയത്തോ, രൂപത്തിലോ, എണ്ണത്തിലോ ആ പ്രവർത്തനം ഇസ്‌ലാമിൽ സ്ഥിരപ്പെട്ടിട്ടില്ല എന്നത് കൊണ്ടാണ്.

അത് കൊണ്ടാണ് ഇവിടെ പല രൂപരത്തിലുള്ള സ്വലാത്ത് മജ്ലിസുകളും, ദിക്ർ ഹൽഖകളും, കൂട്ടമായി എണ്ണവും സമയവും നിശ്ചയിച്ച് കൊണ്ട് സ്വലാത്ത് ചൊല്ലി ക്രോഡീകരിക്കുന്ന രീതികളും നമ്മൾ എതിർക്കുന്നത്.

നിസ്കാരത്തിൽ ഒരു റക്അത്തിൽ മൂന്ന് സുജൂദ് ചെയ്യുന്ന ഒരാളോട് അത് പാടില്ല, തെറ്റാണ് എന്ന് പറഞ്ഞാൽ; അത് സുജൂദിന് എതിരാവുമോ? ഒരിക്കലുമില്ല. മറിച്ച്, ദീനിൽ ഇങ്ങനെയൊരു പ്രവർത്തനം പഠിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് ഉത്തരം. ഇതെല്ലാവർക്കും അറിയുന്ന കാര്യമല്ലേ!

എന്നാൽ ഇതേ കാര്യം ഇവിടെ പല ആളുകളും ചോദിക്കാറുണ്ട്. സ്വലാത്ത് നല്ലതല്ലേ, ദിക്ർ നല്ലതല്ലേ, നോമ്പ് പുണ്യമല്ലേ, നബി ﷺ യോടുള്ള സ്നേഹം ദീനല്ലേ?

അവർക്കുള്ള മറുപടി: “എല്ലാം, ശരി തന്നെയാണ്. പക്ഷേ, അല്ലാഹുവോ, അവന്റെ റസൂലോ, നിശ്ചയിക്കാത്ത ഒരു രീതിയിലോ, എണ്ണത്തിലോ, പ്രത്യേക സമയത്തോ, ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ആർക്കും അനുവാദമില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ; അത് പൂർത്തീകരിക്കപ്പെട്ട ഈ ദീനിലേക്ക് പുതുതായി കടത്തിക്കൂട്ടലാണ്. അതാണ് പുത്തനാചാരം. അതിനാണ് ബിദ്അത്ത് എന്ന് പറയുന്നത്.

അതല്ലെങ്കിൽ പിന്നെ എവിടെയാണ് ബിദ്അത്ത് കാണാൻ സാധിക്കുക!

ഓരോരുത്തരും, ഓരോന്ന് ചെയ്തിട്ട് കൊഴപ്പമില്ല ചെയ്യുന്നവർ ചെയ്യട്ടെ എന്ന് പറഞ്ഞാൽ, പിന്നെ; ഈ ദീനും മറ്റുള്ള ദീനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?

പിന്നെന്തിനാണ്, അല്ലാഹു ഒരു റസൂലിനെ നമ്മിലേക്ക്‌ അയക്കുകയും, ആ റസൂലിനെ പിൻപറ്റണം എന്ന് ഖുർആനിൽ മുപ്പതോളം സ്ഥലങ്ങളിൽ കൽപ്പിക്കുകയും ചെയ്തിട്ടുള്ളത്? സഹോദരങ്ങൾ, ചിന്തിക്കുക.

ഇനി, നിരുപാധികം ചൊല്ലാൻ അനുവാദമുള്ള ദിക്റുകളും, ദുആകളും, സ്വലാത്തും ഒരാൾ ചൊല്ലുകയാണെങ്കിൽ അത് ബിദ്അത്താണ് എന്ന് ആരും പറയാറില്ല. ചിലർ മനഃപൂർവം അങ്ങനെയാണ് തെറ്റിദ്ധരിപ്പിക്കാറുള്ളത്.

അത് കൊണ്ട്; സ്വഹാബത്തിന്റെയും, ഇമാമീങ്ങളുടെയും മാർഗ്ഗത്തിലാണ് ഞങ്ങൾ എന്ന കേവല അവകാശവാദങ്ങൾക്കപ്പുറം തീർത്തും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം ദീനിലില്ലാത്ത കാര്യങ്ങളുമായി വരുന്നവരുടെ പ്രവർത്തനങ്ങൾ എന്ന് ഇത് പോലെയുള്ള സംഭവങ്ങളിൽ നിന്നും മുസ്‌ലിമീങ്ങൾ പാഠമുൾക്കൊള്ളേണ്ടതുണ്ട്.

✍ സഈദ് ബിൻ അബ്ദിസ്സലാം.


©2024 All rights reserved.