സൗദി അറേബ്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഉസ്വൈമീ ഹഫിദ്വഹുല്ലാഹ് പറഞ്ഞു:
“നബി ﷺ യുടെ മൗലിദാഘോഷം ബിദ്അത്താണ്, ഈ ദീനിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതിനുള്ള മൂന്ന് സുപ്രധാന തെളിവുകൾ;
ഒന്നാമത്തെ തെളിവ്:
മൗലിദാഘോഷം സ്വഹാബത്തിന്റെയോ, താബിഉകളുടെയോ, തബഉത്താബിഉകളുടെയോ കാലഘട്ടത്തിൽ ഇല്ലാത്ത പുതിയ ആചാരമാണ്. മാത്രമല്ല, നബി ﷺ യുടെ ജന്മദിനാഘോഷം എന്ന ഈ ഒരു സമ്പ്രദായം ഇല്ലാതെയാണ് (മൂന്ന് നൂറ്റാണ്ടിൽ ജീവിച്ച) ഉത്തമ തലമുറകൾ കഴിഞ്ഞുപോയത്. അതിനാൽ, മൗലിദാഘോഷം മതത്തിൽ പുതുതായി കടത്തിക്കൂട്ടപ്പെട്ട ആചാരമാണ് എന്നകാര്യം അതിൽ നിന്നും വ്യക്തമാണ്. മതത്തിൽ പുതുതായി കടത്തിക്കൂട്ടപ്പെടുന്ന കാര്യങ്ങൾ ബിദ്അത്താകുന്നു.
നബി ﷺ യിൽ നിന്നുള്ള സ്വഹീഹായ ഹദീഥിൽ സ്ഥിരപ്പെട്ടത് പ്രകാരം: “എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങളും) വഴികേടാകുന്നു.”
രണ്ടാമത്തെ തെളിവ്:
നബി ﷺ യുടെ ജനന ദിവസത്തിന്റെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ ധാരാളം അഭിപ്രായങ്ങളുണ്ട്.
അവരിൽ ചില പണ്ഡിതന്മാർ അത് റബീഉൽ അവ്വൽ 8 നാണ് എന്നും, മറ്റു ചിലർ റബീഉൽ അവ്വൽ 10 നാണ് എന്നും, റബീഉൽ അവ്വൽ 12 നാണ് എന്നും, 18 നാണ് എന്നും, പറഞ്ഞതായി കാണാം.
മാത്രമല്ല, നബി ﷺ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിൽ തന്നെയല്ല മറിച്ച്, റജബിലാണ് എന്ന് പറഞ്ഞ പണ്ഡിതന്മാരും ആ കൂട്ടത്തിലുണ്ട്.
നബി ﷺ ജനിച്ച ദിവസം കൃത്യമായി കണക്കാക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ, നബി ﷺ യുടെ ജനനദിവസം റബീഉൽ അവ്വൽ 12 നാണ് എന്ന് സ്ഥിരപ്പെടുത്തുന്നത് ശരിയല്ല എന്ന നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. കാരണം; റബീഉൽ അവ്വൽ 12 നാണ് അവിടുത്തെ ജന്മദിനം എന്ന കാര്യത്തിൽ പണ്ഡിതന്മാർ എവിടെയും ഏകാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
പണ്ഡിതന്മാർക്കിടയിൽ നബി ﷺ യുടെ ജനനദിവസം തിട്ടപ്പെടുത്തുന്ന കാര്യത്തിൽ മേൽപറഞ്ഞതും അല്ലാത്തതുമായ അഭിപ്രായങ്ങളുണ്ട് എന്നിരിക്കെ വ്യത്യസ്ത അഭിപ്രായങ്ങൾക്കനുസരിച്ച് വർഷാവർഷം ആഘോഷത്തിന്റെ തിയ്യതി മാറ്റുകയായിരുന്നു ഇർബലിലെ രാജാവിന്റെ പതിവ്.
അത്കൊണ്ട് തന്നെ, ഒരു വർഷം റബീഉൽ അവ്വൽ 8 നും അടുത്ത വർഷം 12 നും ആഘോഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ പ്രശ്നം പരിഹരിച്ചിരുന്നത്.
ഇത് ബാത്വിലാണ് (തെറ്റാണ്) എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കാരണം; മേൽ സൂചിപ്പിക്കപ്പെട്ട പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പ്രകാരം നബി ﷺ ജനിച്ചത് ഒന്നുകിൽ റബീഉൽ അവ്വൽ 8 ന്, അല്ലെങ്കിൽ 10 ന്, അതുമല്ലെങ്കിൽ 12 ന് എന്നതാണ്. അതല്ലാതെ, വ്യത്യസ്ത ദിവസങ്ങളിൽ അവിടുത്തെ ജനനം സംഭവിക്കുകയില്ല എന്ന കാര്യം ഖണ്ഡിതമാണല്ലോ!
മൂന്നാമത്തെ തെളിവ്:
അല്ലാഹുവിന്റെ റസൂൽ ﷺ വഫാത്തായത് റബീഉൽ അവ്വൽ 12 നാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള കാര്യമാണ്.
നബി ﷺ യുടെ ജനനദിവസത്തിൽ നടത്തപ്പെടുന്ന കർമ്മങ്ങൾ ശരിയാണ് എന്ന് സമ്മതിച്ചു കൊടുക്കുകയാണെങ്കിൽ; അവിടുന്ന് ജനിച്ച ദിവസത്തിന്റെ പേരിൽ സന്തോഷിക്കുന്നതിനേക്കാൾ അന്നേ ദിവസം അവിടുത്തെ വഫാത്തിന്റെ പേരിൽ ദുഃഖിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. കാരണം; നബി ﷺ ജനിച്ച ദിവസത്തിൽ ധാരാളക്കണക്കിന് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ, അവിടുന്ന് ﷺ വാഫാത്തായ ദിവസം അത് റബീഉൽ അവ്വൽ 12 നാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്.
അപ്പോൾ എങ്ങനെയാണ് അന്ന് ആഘോഷദിവസമാക്കാൻ സാധിക്കുക?!
മാത്രമല്ല, നബി ﷺ ജനിച്ചത് റബീഉൽ അവ്വൽ 12 നാണ് എന്ന് സമ്മതിച്ചു കൊടുക്കുകയാണെങ്കിൽ; അന്നേ ദിവസം ജന്മദിനം ആഘോഷമാക്കുന്നവർ അവരുടെ ആഘോഷത്തെ ദുഃഖത്തിനും, സന്തോഷത്തിനുമായി രണ്ടായി വീതിക്കണം.
റബീഉൽ അവ്വൽ 12 ന്റെ അന്ന് ആദ്യസമയത്ത് ജനിച്ച ദിവസത്തിന്റെ പേരിൽ സന്തോഷിക്കുകയും, അതേ റബീഉൽ അവ്വൽ 12 ന് ബാക്കിയുള്ള സമയം നബി ﷺ വഫാത്തായതിന്റെ പേരിൽ ദുഃഖാചാരണം നടത്തുകയും വേണമായിരുന്നു.
സന്തോഷവും, ദുഃഖവും ഒരുമിപ്പിച്ചു കൊണ്ട് ഈ കാര്യം നടത്തുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം കണക്കാക്കാൻ സാധിക്കാത്ത കാര്യമാണ്.
അതിനാൽ, മേൽപറഞ്ഞതെല്ലാം തന്നെ അല്ലാഹുവോ, അവന്റെ റസൂലോ പഠിപ്പിക്കാത്ത ദീനിൽ പുതുതായി കടത്തിക്കൂട്ടിയതും ബിദ്അത്തും മാത്രമാകുന്നു!
ബിദ്അത്ത് എന്നത് മറ്റൊരു
ബിദ്അത്തിന് ജന്മം നൽകുന്ന കാര്യമാണ്. ഇമാം അല്‍ ബർബഹാരി റഹിമഹുല്ലാഹ് അദ്ദേഹത്തിന്റെ ശർഹുസ്സുന്നയിൽ സൂചിപ്പിച്ചത് പോലെ; ‘അത് ചെറുതിൽ തുടക്കം കുറിക്കുകയും, പിന്നീട് വലിയ രൂപത്തിലേക്ക് പരിവർത്തിക്കപ്പെടുകയുമാണ് ചെയ്യാറുള്ളത്’!“
(شرح رسالة في حكم المولد للعلامة الشوكاني رَحِمَهُ اللهُ)
✍ സഈദ് ബിൻ അബ്ദിസ്സലാം