നബി ﷺ യുടെ മദീനയിൽ ആഘോഷങ്ങളില്ല, മൗലിദ് പാരായണമില്ല, പുതുവസ്ത്രമില്ല, ഘോഷയാത്രകളില്ല; എന്ത് കൊണ്ട്?
സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനും, മസ്ജിദുന്നബവിയിലെ മുദരിസുമായ ശൈഖ് അബ്ദുർറസ്സാഖ് അൽ
ബദ്ർ ഹഫിദ്വഹുല്ലാഹ് പറയുന്നു:
“ഇത് പോലൊരു ദിവസം (റബീഉൽ അവ്വൽ 12 ന്) ഈ അനുഗ്രഹീതമായ നാട് (മദീന) സന്ദർശിക്കാനെത്തിയ ഒരാൾ എന്റെ അടുത്തേക്ക് വന്നുകൊണ്ട് അത്ഭുതത്തോട് കൂടി ചോദിക്കുകയുണ്ടായി: നബി ﷺ യുടെ ജന്മദിനത്തിന്റെ ദിവസമായ ഈ ദിവസം റസൂൽ ﷺ യുടെ പട്ടണമായ മദീനയിലെ ജനങ്ങളുടെ കാര്യത്തിൽ എനിക്ക് വല്ലാത്ത ആശ്ചര്യം തോന്നുന്നു!
ഒരുപാട് നാടുകളിൽ റബീഉൽ അവ്വൽ 12 ന് വമ്പിച്ച ആഘോഷങ്ങൾ നടക്കുന്നു, അതുമായി ബന്ധപ്പെട്ട് രാത്രിയിൽ ഉറക്കമൊഴിച്ചു കൊണ്ട് ബൈത്തുകൾ ആലപിക്കുന്നു, ചില സന്ദർഭങ്ങളിൽ ദഫ് മുട്ടുകയും ആടുകയും പാടുകയും ചെയ്യുന്നു..
എന്നാൽ, എന്റെ അത്ഭുതം! ദുന്യാവിലെ മറ്റു നാടുകളെക്കാൾ റസൂൽ ﷺ യുടെ നാടായ മദീനയിലല്ലേ ഇത് ഏറ്റവും നന്നായി ആഘോഷിക്കേണ്ടത്, ഇവിടെയാവട്ടെ ജന്മദിനാഘോഷത്തിന്റെ യാതൊരു അടയാളങ്ങളോ, പ്രകടനങ്ങളോ എനിക്ക് കാണാൻ സാധിക്കുന്നില്ല, എന്താണ് അതിന്റെ കാരണം?
ഞാൻ പറഞ്ഞു: ‘എന്താണതിന്റെ കാരണം എന്ന് താങ്കൾ അറിയുകയാണെങ്കിൽ താങ്കളുടെ ഹൃദയത്തിലുള്ള ഈ ആശ്ചര്യം അത് നീങ്ങുക തന്നെ ചെയ്യും.’
അദ്ദേഹം ചോദിച്ചു: എന്താണത്?!
ഞാൻ പറഞ്ഞു: ‘കാരണം; മദീനാ നിവാസികൾ നബി ﷺ യെ സ്നേഹിക്കുന്നു. അത് കൊണ്ടാണ് അവർ ജന്മദിനം ആഘോഷിക്കാത്തത്.’
അദ്ദേഹം പറഞ്ഞു: അത്ഭുതം തന്നെ!
ഞാൻ പറഞ്ഞു: ‘അതെ, നബി ﷺ യോടുള്ള സത്യസന്ധമായ സ്നേഹമെന്നത് അല്ലാഹുവിന്റെ ദീനിൽ ബിദ്അത്തായ പുത്തനാചാരങ്ങൾ കടത്തിക്കൂട്ടിക്കൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്, മറിച്ച്, അവിടുത്തെ പിൻപറ്റുന്നതിലൂടെ മാത്രമാണ് യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കേണ്ടത്.
ഈ കാര്യത്തിനുള്ള തെളിവാണ് താങ്കൾക്ക് വേണ്ടത് എങ്കിൽ; (നോക്കൂ,) അബൂബക്ർ സിദ്ദീഖ്, ഉമർ ബ്നുൽ ഖത്ത്വാബ്, ഉഥ്മാൻ ബ്നു അഫ്ഫാൻ, അലിയ്യു ബ്നു അബീ ത്വാലിബ്, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികൾ, ബാക്കിയുള്ള മുഴുവൻ സ്വഹാബികൾ, അവർക്ക് ശേഷം വന്ന താബിഉകൾ -رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ- ഇവരെക്കാൾ നബി ﷺ യെ സത്യസന്ധമായി സ്നേഹിച്ച ആരെയെങ്കിലും താങ്കൾക്ക് അറിയുമോ?
ഈ കൂട്ടരേക്കാൾ അല്ലാഹുവിന്റെ റസൂൽ ﷺ യെ സത്യസന്ധമായി സ്നേഹിച്ച മറ്റൊരു വിഭാഗത്തെ താങ്കൾക്ക് പരിചയമുണ്ടോ?
അവർക്ക് ശേഷം വന്ന -പ്രത്യേകിച്ച് പിൽക്കാലക്കാരായ ഈ നൂറ്റാണ്ടിലെ ആളുകൾക്കാണ്- അവരെക്കാൾ നബി ﷺ യോട് ഏറ്റവും കടുത്ത സ്നേഹം എന്ന് താങ്കൾ കരുതുന്നുണ്ടോ?’
അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല.
ഞാൻ പറഞ്ഞു: ‘സ്വഹാബികളിൽ ഒരാൾ പോലും മൗലിദ് ആഘോഷിച്ചിട്ടില്ല. അവർക്ക് ശേഷം വന്ന താബിഉകളിൽ നിന്ന് ഒരാളും ആഘോഷിച്ചിട്ടില്ല. പണ്ഡിതന്മാർ വ്യക്തമാക്കിയത് പ്രകാരം മൂന്ന് നൂറ്റാണ്ടിന് ശേഷമല്ലാതെ ഇത്തരം ജന്മദിനാഘോഷങ്ങൾ പുതുതായി മുസ്‌ലിം ഉമ്മത്തിലേക്ക് കടന്നു വന്നിട്ടില്ല. ഈ രൂപത്തിലുള്ള ജന്മദിനാഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഉത്തമ തലമുറകൾ കഴിഞ്ഞു പോയിട്ടുള്ളത്. അതിനാൽ, മൗലിദാഘോഷം എന്ന ഈ നന്മയെ അല്ലാഹു റബ്ബുൽ ആലമീൻ മഹാന്മാരായ സ്വഹാബത്തിനും, അവരെ നന്മയിൽ പിന്തുടർന്ന താബിഉകൾക്കും തടയുകയും, പിൽക്കാലക്കാർക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്തു എന്ന് പറയാൻ സാധിക്കുകയില്ല. മറിച്ച്, സ്വഹാബത്തിനെയും, താബിഉകളെയും അതിൽ വീണ് പോവുന്നതിനെ തൊട്ട് അല്ലാഹു രക്ഷപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിട്ടുള്ള അപകടമാണിത്. മാത്രമല്ല, പിൽക്കാലക്കാരായ ആളുകളെ അത് മുഖേന അല്ലാഹു പരീക്ഷിക്കുകയും ചെയ്തു എന്നതുമാണ് വാസ്തവം!
ഈ മൗലിദാഘോഷം നന്മയായിരുന്നെങ്കിൽ അവർ നമ്മെ ഈ കാര്യത്തിൽ മുൻകടക്കുമായിരുന്നു. കാരണം; അവരാണ് നന്മയിൽ അങ്ങേയറ്റം മുന്നേറുന്ന ആളുകൾ!
അല്ലാഹു പറഞ്ഞു:
وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَـٰجِرِینَ وَٱلۡأَنصَارِ وَٱلَّذِینَ ٱتَّبَعُوهُم بِإِحۡسَـٰن رَّضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰت تَجۡرِی تَحۡتَهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَداۚ ذَ ٰلِكَ ٱلۡفَوۡزُ ٱلۡعَظِیمُ
“മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അല്ലാഹുവിനെപറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും
അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.“ (തൗബ:100)
(ഈ ആയത്തിലൂടെ അല്ലാഹു പുകഴ്ത്തി പറഞ്ഞ) ഇവരാണ് ആദ്യകാലത്തെ ഇസ്‌ലാമിന്റെ പതാകവാഹകരും, നന്മയുടെ ആളുകളും; അവരിൽ ഒരാളിൽ നിന്ന് പോലും നബി ﷺ യുടെ ജന്മദിനം ആഘോഷമായി കൊണ്ടാടിയത് സ്ഥിരപ്പെട്ടു വന്നിട്ടില്ല..“
(മൗലിദാഘോഷത്തിന്റെ ഇസ്‌ലാമിക വിധി എന്ന ശൈഖിന്റെ ദർസ്സിൽ നിന്നും..)
✍️ സഈദ് ബിന്‍ അബ്ദിസ്സലാം