അല്ലാഹുവിന്റെ റസൂൽ ﷺ ഏതൊരു മുശ്‌രിക്കുകളോടാണോ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രബോധനം ചെയ്തത് അവർ (മക്കയിലെ മുശ്‌രിക്കുകൾ) പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ചിരുന്നവരായിരുന്നു.
അല്ലാഹു പറഞ്ഞു:
( فَإِذَا رَكِبُوا۟ فِی ٱلۡفُلۡكِ دَعَوُا۟ ٱللَّهَ مُخۡلِصِینَ لَهُ ٱلدِّینَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ یُشۡرِكُونَ )
“എന്നാല്‍ അവര്‍ (മുശ്‌രിക്കുകൾ) കപ്പലില്‍ കയറിയാല്‍ (ആ കപ്പൽ കാറ്റിലും കോളിലും പെട്ട് അപകടത്തിലാവും എന്നായാൽ) കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ? അവരതാ (അവനോട് മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നു.” (അൻകബൂത്:65).
ഈ ആയത്തിന്റെ തഫ്‌സീറിൽ ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ മഹാനായ സ്വഹാബി, ഇക്‌രിമഃ ബ്നു അബീ ജഹ്ൽ رَضِيَ اللَّهُ عَنْهُ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായ സംഭവം എടുത്ത് കൊടുക്കുന്നു:
“നബി ﷺ മക്ക വിജയിച്ചടക്കിയ സന്ദർഭം: ഇക്‌രിമഃ പേടിച്ച് അബ്സീനിയയിലേക്ക് യാത്ര പുറപ്പെട്ടു. (അന്ന് അദ്ധേഹം മുശ്‌രിക്കായിരുന്നു). അങ്ങനെ അദ്ദേഹം ഒരു കപ്പലിൽ കയറുകയുണ്ടായി. ആ കപ്പൽ ശക്തമായ തിരമാലകളും കാറ്റും കാരണത്താൽ ആടിയുലയാൻ തുടങ്ങിയപ്പോൾ കൂടെയുള്ളവർ പറയാൻ തുടങ്ങി: ഇഖ്ലാസോട് കൂടി നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പ്രാർത്ഥിച്ചോളൂ, ഈ അവസ്ഥയിൽ അവനല്ലാതെ രക്ഷപ്പെടുത്തുകയില്ല.
(ഇത് കേട്ടപ്പോൾ) അദ്ദേഹം ഇക്‌രിമഃ رَضِيَ اللَّهُ عَنْهُ പറഞ്ഞു:“അല്ലാഹുവാണെ സത്യം, അല്ലാഹുവല്ലാതെ ഈ കടലിൽ വെച്ച് മറ്റാരും രക്ഷപ്പെടുത്താനില്ലെങ്കിൽ; തീർച്ചയായും, കരയിൽ വെച്ച് രക്ഷപ്പെടുത്താനും അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. അത് കൊണ്ട് അല്ലാഹുവേ, ഞാനിതാ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ ഈ കപ്പലിൽ നിന്ന് രക്ഷപ്പെടുകയാണെങ്കിൽ മുഹമ്മദിന്റെ അടുക്കൽ ചെല്ലുകയും, അവിടുത്തെ കൈയിൽ എന്റെ കൈ വെക്കുകയും, അവിടുത്തെ ദയയും കാരുണ്യവുമുള്ള ആളായി ഞാൻ കാണുകയും തന്നെ ചെയ്യും. അപ്രകാരം സംഭവിക്കുകയും ചെയ്തു.” (തഫ്സീർ ഇബ്നു കഥീർ: 6/295).
ബുദ്ധിയും ചിന്താശേഷിയുമുള്ള ഒരു മനുഷ്യന് എത്ര മനോഹരമായ ഉദാഹരണമാണ് ഈ സംഭവം!
അല്ലാഹുവിലേക്കും, അവന്റെ ദീനായ ഇസ്‌ലാമിലേക്കും മടങ്ങുക എന്നതാണ് രക്ഷപ്പെടാനുള്ള യഥാർത്ഥ പ്രതിവിധി. കാരണം; അല്ലാഹുവാണ് എല്ലാറ്റിന്റെയും ഉടമസ്ഥൻ, അവന്റെ കൈകളിലാണ് എല്ലാ ആധിപത്യവും, അവനല്ലാത്തതെല്ലാം അവന്റെ പടപ്പുകൾ മാത്രമാണ്!
ദുർബലനായ ഒരു പടപ്പ് എങ്ങനെയാണ് മറ്റൊരു പടപ്പിനോട് പ്രാർത്ഥിക്കുകയും, ആവലാതികൾ ബോധിപ്പിക്കുകയും ചെയ്യുക?
എന്നാല്‍ ഇതൊന്നും ചിന്തിക്കാതെ; കടുത്ത പ്രയാസങ്ങളിലും അല്ലാഹു അല്ലാത്തവരോട് വിളിച്ച് തേടിക്കൊളൂ.. അവരോട് ഇസ്തിഗാസ നടത്തിക്കോളൂ.. എന്ന് ആഹ്വാനം ചെയ്യുന്നവരുടെയും, അത്തരം ആളുകളുടെ വിടുവായിത്തം തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന അണികളുടെയും അവസ്ഥ എത്ര ദൗർഭാഗ്യകരമാണ്!
✍ സഈദ് ബിൻ അബ്ദിസ്സലാം.